കോട്ടയം: ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്നും വിഹിതംപിടിച്ച് അടച്ച ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം, (ജി.ഐ.എസ്) സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്.എൽ.ഐ) എന്നിവയുടെ സാക്ഷ്യപത്രങ്ങൾ ഉടൻ നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച കടുത്തുരുത്തി സപ്തസ്വരയിൽ പി. ശ്രീകുമാർ സമർപ്പിച്ച പരാതി തീർപ്പാക്കികൊണ്ടാണ് ഉത്തരവ്. രേഖകൾ പാമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പാനൂർ നഗരസഭാ സെക്രട്ടറിയും പരാതിക്കാരന് നേരിട്ട് അയക്കണമെന്നും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
മലപ്പുറം പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിട്ടാണ് പരാതിക്കാരൻ വിരമിച്ചത്. നേരത്തെ ജോലി ചെയ്തിരുന്ന പാമ്പാടി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും പാനൂർ, ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറിമാരും തുക അടച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നായിരുന്നു പരാതി.കമീഷന്റെ ഇടപെടലിനെ തുടർന്ന് ഏറ്റുമാനൂർ നഗരസഭ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ സർട്ടിഫിക്കറ്റ് പരാതിക്കാരന് അയച്ചുകൊടുത്തു. എന്നാൽ പാനൂർ നഗരസഭാ സെക്രട്ടറി സർട്ടിഫിക്കറ്റ് കമീഷന് അയച്ചാണ് നൽകിയത്.
പാമ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് വാട്സാപ്പ് മുഖേനയാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇത് പരാതിക്കാരൻ കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പാനൂർ നഗരസഭാ സെക്രട്ടറി സർട്ടിഫിക്കറ്റ് പരാതിക്കാരന് നേരിട്ട് അയച്ചുകൊടുക്കാൻ ഉത്തരവായത്. പാമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി യഥാർഥ സർട്ടിഫിക്കറ്റ് പരാതിക്കാരന് അയക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.