കോട്ടയം: അനധികൃത വഴിയോരക്കച്ചവടത്തിലും മുനിസിപ്പാലിറ്റിയുടെ അന്യായ നികുതി വർധനയിലും പൊറുതിമുട്ടി നഗരത്തിലെ വ്യാപാരികൾ. നഗരസഭക്കോ പഞ്ചായത്തുകൾക്കോ നികുതി നൽകാതെയും ലൈസൻസ് ആവശ്യമില്ലാതെയും നിരവധി വഴിയോരക്കച്ചവട വ്യാപാരികൾ സജീവമാണ്. ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം കടകളിൽ പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്ലാസ്റ്റിക് സൂക്ഷിച്ചതിന് ചെറുകിട വ്യാപാരികൾക്ക് വൻതുക പിഴ ഈടാക്കുമ്പോൾ ഇത്തരം വഴിയോരക്കച്ചവടങ്ങൾ അധികൃതരുടെ കണ്ണിൽപെടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പുതുപ്പള്ളിയിൽ കുട്ടികൾ ഉപേക്ഷിച്ച കഴിച്ചിട്ടുപോയ സിപ് അപ്പിന്റെ കവർ കടയുടെ മുന്നിൽ ഇട്ടതിന് പഞ്ചായത്ത് അധികൃതർ കടയുടമക്ക് 5000 രൂപ പിഴയീടാക്കിയത് കഴിഞ്ഞ ദിവസമാണ്. നഗരസഭ, പഞ്ചായത്ത് അധികൃതരിൽനിന്ന് അടിക്കടിയുണ്ടാകുന്ന പരിശോധനയും പിടയീടാക്കലും വ്യാപാരികളെ മാനസികമായും സാമ്പത്തികപരമായും തളർത്തുന്നതായും വ്യാപാരി സമൂഹം പരാതിപ്പെടുന്നു.
ചെറിയ പെട്ടിക്കടക്കും സൂപ്പർമാർക്കറ്റുകൾക്കും മാളുകൾക്കും നഗരസഭ ചുമത്തുന്നത് ഒരേ തൊഴിൽകരമാണ്. 1200 രൂപയാണ് തൊഴിൽകരമായി ചെറിയ പലചരക്ക് കടകളിൽനിന്ന് നഗരസഭ ഈടാക്കുന്നത്. വിവിധ നിലകളിൽ പലവിധ വ്യാപാരങ്ങൾ നടക്കുന്ന മാളുകളിലും സൂപ്പർമാർക്കറ്റുകളിലും കുറഞ്ഞ തൊഴിൽകരം ഈടാക്കുന്നത് നീതിയല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ അടിക്കടി വർധിപ്പിക്കുന്ന വൈദ്യുതി ബില്ലും വ്യാപാരികൾക്ക് പ്രഹരം ഇരട്ടിയാക്കുന്നു. തൊഴിൽകരത്തിനും വൈദ്യുതി ബില്ലിനുമൊപ്പം വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണ് ലൈസൻസിന് ആവശ്യമായ പുതിയ വ്യവസ്ഥകളും. മുമ്പ് തൊഴിൽകരം ഉപയോഗിച്ച് സുഗമമായി നേടാവുന്ന ലൈസൻസിന് കടുത്ത പരീക്ഷകളാണ് നിലവിൽ വ്യാപാരികൾ നേരിടുന്നത്.
കെട്ടിടം ഉടമ കരമടച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യപ്പെടും. വാടക വർധനയും ഹരിതകർമസേനയുടെ പിരിവും വ്യാപാരികളെ സാമ്പത്തികമായി തളർത്തുകയാണ്. തുക നൽകിയില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹരിതകർമ സേന അംഗങ്ങളുമുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വൈസ് ചെയർമാൻ ഇടപെട്ടാണ് മൂന്നുമാസം മുമ്പ് 150 രൂപ എന്നത് 100 രൂപയാക്കി കുറച്ചത്. കഴിഞ്ഞവർഷമാണ് വ്യാപാരസ്ഥാപനങ്ങൾക്കുള്ള ട്രേഡിങ് ലൈസൻസ് ഫീസ് 1000 രൂപയാക്കി ഉയർത്തിയത്. ഇത് ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കൂടാതെ രാഷ്ട്രീയ പാർട്ടികളുടെ പിരിവും ചെറുകിട വ്യാപാരികളുടെ നിലനിൽപിന് ഭീഷണിയാകുന്നുണ്ട്. നിലവിൽ വ്യാപാരികൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്.
കലക്ടറേറ്റ് മാർച്ച് 27ന്
കോട്ടയം: ജില്ലയിൽ വർധിച്ചുവരുന്ന വഴിയോരക്കച്ചവടത്തിനെതിരെ നടപടയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തും. രാവിലെ 10.30ന് ജില്ല വ്യാപാര ഭവനിൽനിന്ന് ആരംഭിക്കുന്ന പ്രകടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ധർണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ എം.കെ. തോമസുകുട്ടി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.