ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജിലെ മാലിന്യം തരംതിരിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികൾ ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇവർ വെളിയിലേക്ക് ഇറങ്ങിയോടി മേലധികാരികളെ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയത്തുനിന്ന് നാല് അഗ്നിരക്ഷാസേന യൂനിറ്റ് ഉടൻ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമം ആരംഭിച്ചു. അപ്പോഴേക്കും തീ ആളിപ്പടരുകയും കറുത്ത പുക പരിസരമാകെ നിറയുകയും ചെയ്തിരുന്നു.
തുടർന്ന് വൈക്കത്തുനിന്ന് മൂന്നു യൂനിറ്റ്, കടുത്തുരുത്തി രണ്ട്, തിരുവല്ല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിൽനിന്ന് ഓരോ യൂനിറ്റും എത്തി.
വൈകീട്ട് നാലരയോടെയാണ് തീ നിയന്ത്രിക്കാനായത്. രണ്ടു വർഷം മുമ്പ് കോടികൾ െചലവഴിച്ചാണ് ഈ ഗോഡൗണും മാലിന്യം സംസ്കരിക്കാനുള്ള യന്ത്രങ്ങളും സ്ഥാപിച്ചത്.
ആശുപത്രിയിൽനിന്നുള്ള അജൈവ മാലിന്യം തരംതിരിക്കുകയും വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവ വേർതിരിച്ച് കെട്ടുകളായി സൂക്ഷിക്കുകയും ചെയ്തിരുന്നത് ഇവിടെയാണ്.
ഷെഡ് നിർമിച്ചത് ടിൻ ഷീറ്റുകളും ഇരുമ്പുതൂണുകളും ഉപയോഗിച്ചാണ്. കൂടാതെ, രണ്ട് ജനറേറ്ററും ഇൻസിനറേറ്ററും ഇതിനുള്ളിൽ ഉണ്ടായിരുന്നു. ഇവയെല്ലാം തീപിടിത്തത്തിൽ പൂർണമായി നശിച്ചു. വൈദ്യുതിത്തകരാറാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടമാണ് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത്.
ജില്ല ഫയർ ഓഫിസർ രാം കുമാറിെൻറ നേതൃത്വത്തിൽ നൂറോളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, സമീപ സ്ഥലത്ത് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന കരാറുകാരൻ മഹേന്ദ്രൻ, അദ്ദേഹത്തിെൻറ തൊഴിലാളികൾ, നാട്ടുകാർ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.
ജീവനക്കാർക്കായുള്ള സി ടൈപ് ക്വാർട്ടേഴ്സിന് സമീപമാണ് ഗോഡൗൺ. ഇവിടം ജനവാസ കേന്ദ്രമല്ലാത്തതിനാൽ മറ്റുദുരന്തം ഉണ്ടായില്ല. മന്ത്രി വി.എൻ. വാസവൻ സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.