കോട്ടയം: സിഗ്നൽ പാലിക്കാതെയുള്ള വാഹനങ്ങളുടെ പരക്കംപാച്ചിൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു. ബസേലിയസ് കോളജിന് സമീപത്തെ ജങ്ഷനിലാണ് വാഹനങ്ങൾ മറികടക്കുന്നതിടെയുള്ള മത്സരയോട്ടം. അപകടങ്ങൾക്ക് വഴിവെക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങാണ് ഇവിടെ. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ്ങാണ് ഏറ്റവും അപകടം പിടിച്ചത്. അപകടമുണ്ടായാൽ വാഹനങ്ങൾ നിർത്താതെ പോയ സംഭവങ്ങളുമുണ്ട്.
കെ.കെ റോഡ് ചെല്ലിയൊഴുക്കം റോഡ്, ഗുഡ്സ് ഷെപ്പേർഡ് റോഡ്, ഈരയിൽക്കടവ് റോഡ് എന്നിവയുടെ പ്രധാന ജങ്ഷനാണ് ഇവിടെ. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും അവഗണിച്ചാണ് മിക്കവരുടെയും പാച്ചിൽ. ഭാഗ്യംകൊണ്ടാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. ഗതാഗത നിയമലംഘനം കണക്കില്ലാതെ സംഭവിക്കുന്നുണ്ടെങ്കിലും അതികൃതരുടെ കണ്ണിൽപെടുന്നില്ല.
മാർക്കറ്റ്, ബേക്കർ ജങ്ഷൻ തുടങ്ങി നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സിഗ്നൽ സംവിധാനങ്ങൾ ഉണ്ടെങ്കിൽപോലും കൃത്യമായി പ്രവർത്തിക്കുന്നില്ല. പ്രധാന ജങ്ഷനുകളിൽപോലും സിഗ്നൽ ശ്രദ്ധിക്കാതെയാണ് ഓട്ടോകളുടെയും ബസുകളുടെയും നിയമലംഘനം. തിരക്കേറിയ ഇടങ്ങളിൽ അശ്രദ്ധയോടെയുള്ള ഡ്രൈവിങ് മൂലം പലപ്പോഴും ഡ്രൈവർമാർ തമ്മിൽ സംഘർഷവും ഉണ്ടാകാറുണ്ട്.
ഇതിനെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് നീക്കണമെങ്കിൽ പൊലീസെത്തി നടപടി സ്വീകരിക്കം. സ്കൂൾ സമയങ്ങളിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടം വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് വിനയാകാറുണ്ട്. പൊലീസുകാർ നിയന്ത്രിക്കുന്ന തിരക്കേറിയ ജങ്ഷനുകളിൽപോലും ഇരുചക്ര യാത്രികർ സിഗ്നലുകൾ പാലിക്കാത്ത അവസ്ഥയാണ്.
നഗരത്തിൽ പലയിടത്തും സീബ്രാലൈനുകൾ മാഞ്ഞനിലയിലാണ്. തിരക്കേറിയ റോഡ് മുറിച്ചുകടക്കണമെങ്കിൽ കാൽനടക്കാർ സ്വയം സിഗ്നൽ കാണിച്ച് സാഹസികമായി മറുകര എത്തേണ്ട അവസ്ഥയിലാണ്.
തിരക്ക് കൂടുതലുള്ള എം.സി റോഡിലെ കോടിമത, സിമന്റുകവല, മണിപ്പുഴ, മറിയപ്പള്ളി, നാട്ടകം, പാക്കിൽ എന്നിവിടങ്ങളിലെ സീബ്രാലൈനുകൾ പൂർണമായും മാഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, തിരുനക്കര, നാഗമ്പടം എന്നിവിടങ്ങളിലും സീബ്രാലൈനുകൾ കാണാനില്ല. ലൈനുകൾ ഉള്ളിടത്തുതന്നെ വാഹനങ്ങൾ യാത്രികരെ പരിഗണിക്കാറില്ല. സീബ്രാലൈനുകളിൽ വാഹനങ്ങൾ നിർത്തികൊടുക്കണമെന്ന് നിയമമുണ്ടെങ്കിലും ഡ്രൈവർമാർ കാൽനടക്കാർക്കെതിരെ മുഖംതിരിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.