കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ ഇടതുമുന്നണിപ്രവേശനത്തിന് തടയിടാനുള്ള കുതന്ത്രങ്ങളുമായി യു.ഡി.എഫ്. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ജോസ് പക്ഷം തയാറെടുക്കുന്നതിനിടെ യു.ഡി.എഫിൽ തുടരാൻ താൽപര്യമുള്ളവരെ എന്തുവിലകൊടുത്തും ഒപ്പംനിർത്താനുള്ള നീക്കത്തിലാണ് കോൺഗ്രസും കേരള കോൺഗ്രസ്-ജോസഫ് പക്ഷവും.
മുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെ പിന്തുണയും ഇൗ നീക്കത്തിനുണ്ട്.
ജോസഫ് എം. പുതുശ്ശേരിയുടെ പിന്മാറ്റം ഇതിെൻറ സൂചനയായി യു.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ പുതുശ്ശേരിയെതന്നെ ആദ്യം കളത്തിലിറക്കിയതും വലിയ വിജയമായി നേതൃത്വം വിലയിരുത്തുന്നു.
പുതുശ്ശേരിക്കൊപ്പം നിരവധി പ്രാദേശിക നേതാക്കളും യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽപേർ രംഗത്തുവരുമെന്നും യു.ഡി.എഫ് നേതൃത്വം പറയുന്നു.
നേതാക്കൾ മുന്നണി വിടുന്നതോടെ തദ്ദേശസ്ഥാപനങ്ങളിലടക്കം ഭരണമാറ്റം ഉണ്ടായേക്കാമെന്നതിനാൽ സ്ഥാനമാനങ്ങൾ ഉറപ്പിച്ച് നിലവിലെ ഭാരവാഹികളെ ഒപ്പം നിർത്തണമെന്ന കർശന നിർദേശമാണ് ജില്ലതല നേതൃത്വത്തിന് നൽകിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് ഇതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ കോട്ടയത്ത് കോൺഗ്രസ് ഉന്നതതലയോഗം ചേർന്നിരുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ തിരിച്ചടി ജോസ് വിഭാഗത്തിന് നൽകണമെന്നാണ് നേതൃത്വത്തിെൻറ നിർദേശം. ഫലത്തിൽ ജോസ് വിഭാഗത്തെ പിളർത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുതിർന്ന നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവരെല്ലാം അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യക്തിതാൽപര്യങ്ങൾക്കും സ്വാർഥ ചിന്തകൾക്കും വേണ്ടി ജോസ് വിഭാഗം നടത്തുന്ന നീക്കങ്ങൾ മുളയിലേ നുള്ളണമെന്നായിരുന്നു യോഗത്തിെൻറ തീരുമാനമത്രെ.
കോൺഗ്രസ് ഉണ്ടാക്കിയ ധാരണപ്രകാരം രാജിെവച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സി.പി.എമ്മിനൊപ്പം ചേർന്ന് തട്ടിയെടുത്തിട്ടും കോൺഗ്രസിെൻറ കൈവശമിരുന്ന രാജ്യസഭ സീറ്റ് നൽകി പിന്നീട് യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടും ജോസ് വിഭാഗം നടത്തുന്നത് രാഷ്ട്രീയ വഞ്ചനയാണെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.