കോട്ടയം: വോട്ടർമാരുടെ മനസ്സിൽ കയറിപ്പറ്റാൻ ചെണ്ടപ്പുറത്ത് താളമിടുകയാണ് ജോസഫ് വിഭാഗം. 'രണ്ടില' കൈവിട്ടതോടെയാണ് 'മേളപ്പെരുക്കം' എന്ന പൂഴിക്കടകൻ പുറത്തെടുത്തത്. ജോസ് വിഭാഗത്തിന് 'രണ്ടില' ലഭിച്ചതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികൾ കടുത്ത ആശങ്കയിലായി. ഇതോടെയാണ് ചിഹ്നം ജനകീയമാക്കാൻ നേതാക്കൾ തലപുണ്ണാക്കിയതും ഒടുവിൽ താളമിട്ട് വോട്ട് തേടാനുള്ള തന്ത്രം തെളിഞ്ഞതും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് 'രണ്ടില'ക്ക് പകരം കിട്ടിയതാണ് 'ചെണ്ട'. പരമ്പരാഗത കേരള കോൺഗ്രസ് വോട്ടർമാർക്ക് മുന്നിൽ രണ്ടിലയും ചെണ്ടയും നിരന്നാൽ പച്ചക്കമ്പിൽ അവർ പിടിമുറുക്കുമെന്ന് ജോസഫ് വിഭാഗത്തിനറിയാം. ഇതോടെയാണ് ചിഹ്നത്തിെൻറ അപരിചിതത്വം മാറ്റാൻ വോട്ടര്‍മാരുടെ മനസ്സിലേക്ക് കൊട്ടിക്കയറാനുള്ള തീരുമാനം. ഇപ്പോൾ ജോസഫ് വിഭാഗം സ്ഥാനാർഥികളെല്ലാം മേളത്തോടെയാണ് വീടുകയറ്റം. സംസ്ഥാന നേതൃത്വംതന്നെ എല്ലാ സ്ഥാനാർഥികൾക്കും ഈ ആശയം കൈമാറിയിട്ടുണ്ട്. ഇതോടെ കോട്ടയത്തടക്കം വോട്ടുതേടി ഇറങ്ങുന്ന ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ക്ക് അകമ്പടിയായി ഒരു ചെണ്ടകൂടിയുണ്ട്.
ചെണ്ടകൊട്ടി വോട്ടുതേടുന്ന സ്ഥാനാർഥികളെല്ലാം പുതിയ ആശയത്തിൽ അത്യാഹ്ലാദത്തിലാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കോട്ടയം നഗരസഭ മൂന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസഫ് വിഭാഗത്തിലെ ലിസി കുര്യൻ പറയുന്നു. രാഷ്ട്രീയത്തിലെന്നപോലെ ചെണ്ടപ്പുറത്തും ലിസിയുടെ കന്നി അങ്കമാണ്. താളത്തിെല പാകപ്പിഴ ചിലർ ചൂണ്ടിക്കാട്ടിയേപ്പാൾ വിജയത്തിൽ താളം തെറ്റില്ലെന്നായിരുന്നു കമൻറ്. ശക്തമായ ത്രികോണമത്സരം നടക്കുന്ന മൂന്നാം വാര്‍ഡ് യു.ഡി.എഫിെൻറ സിറ്റിങ് സീറ്റാണ്. ജയ്നമ്മ ഫിലിപ് (എൽ.ഡി.എഫ്), ശശികല സുനിൽകുമാർ(ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. പാലാ കരൂർ പഞ്ചായത്തിലെ പോണാട് വാർഡിൽ മത്സരിക്കുന്ന സന്ധ്യ മനോജും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ശൈലജ രവീന്ദ്രനും പയപ്പാർ വാർഡിൽ മത്സരിക്കുന്ന അമൽ ഷാജിയും തിങ്കളാഴ്ച ചെണ്ടമേളത്തോടെയാണ് വീടുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.