കോട്ടയം: നഗരസഭയുടെ രസീത്ബുക്ക് കാണാതായ സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ കോട്ടയം നഗരസഭ കൗൺസിലിൽ തീരുമാനം. ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ പൊലീസിൽ പരാതി നൽകും.
ഓഡിറ്റ് വിഭാഗമാണ് കോട്ടയം നഗരസഭയുടെ രസീത്ബുക്ക് കാണാനില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് എല്ലാ സെക്ഷനുകൾക്കും തിരച്ചിൽ മെമ്മോനൽകിയെങ്കിലും ലഭിച്ചില്ലെന്ന് നഗരസഭ സെക്രട്ടറി യോഗത്തെ അറിയിച്ചു. തുടർചർച്ചയിലാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനെതിരെ കേസ് നൽകാൻ തീരുമാനിച്ചത്.
നിലവിൽ സ്ഥലംമാറിയ ഈ ഉദ്യോഗസ്ഥനെതിരെ നഗരസഭ സെക്രട്ടറി ഉടൻ പൊലീസിൽ പരാതി നൽകും. നഗരസഭയുടെ 2020-21 സാമ്പത്തികവർഷത്തെ ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ട്-ഓഡിറ്റ് പരാമർശങ്ങൾക്കുള്ള മറുപടി എന്നിവ പരിഗണിക്കാനായി ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
ജൂബിലി പാർക്കുമായി ബന്ധപ്പെട്ട കരാർ നടപടികളിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാർശ നൽകാനും യോഗം തീരുമാനിച്ചു. കൃത്യമായ പരിപാലന കരാർ ഇല്ലാത്തതിനാൽ പാർക്കിലേക്ക് വാങ്ങിയ 14 ഉപകരണങ്ങൾ നശിച്ചു.
ഉപകരണങ്ങളുടെ നിർമാതാക്കളായ കമ്പനികളുമായി പരിപാലനത്തിനുള്ള കരാർ ഒപ്പിടാത്തതാണ് ഇതിന് കാരണമെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 15 ലക്ഷത്തോളം രൂപയാണ് ഇതിലൂടെ നഗരസഭക്ക് നഷ്ടമുണ്ടായത്. കൃത്യമായ കരാർ വേണമെന്ന് കൗൺസിൽ നിർദേശിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് കൗൺസിലിൽ അഭിപ്രായമുയർന്നു.
ഇതോടെയാണ് അന്ന് കരാർ നടപടികൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനം. പാർക്കിലെ ചെടികൾ ഒരുവർഷത്തേക്ക് നനയ്ക്കാൻ കരാർ നൽകിയെങ്കിലും ഒരുമാസം കഴിഞ്ഞതോടെ ചെടികളും പുല്ലും ഉണങ്ങിനശിച്ചു. ഇതിലും തുടർനടപടികൾ സ്വീകരിക്കാൻ നടപടിയുണ്ടായിട്ടില്ല.
നഗരസഭയുടെ അനുമതിയില്ലാതെ വാടകക്കാരൻ സ്വകാര്യ കെട്ടിടത്തിൽ പുതിയതായി ഒരുനില നിർമിച്ച സംഭവത്തിൽ പരാതി ലഭിച്ച് ഒമ്പത് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു. ഇതിൽ അടിയന്തിര അന്വേഷണം നടത്തുമെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. തൊഴിലുറപ്പ്പദ്ധതി നടത്തിപ്പിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായ ഒരുവിഭാഗം കൗൺസിലർമാരുടെ ആരോപണത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.
അർബൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം കുറക്കാനുള്ള തീരുമാനത്തിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. ഉച്ചക്ക് രണ്ടുമുതൽ രാത്രി ഏട്ടുവരെ പ്രവർത്തിക്കേണ്ട സെന്ററുകളുടെ സമയം ഏഴ് മണിവരെയാക്കി ചുരുക്കിയെന്നായിരുന്നു ആക്ഷേപം.
ഇതര സംസ്ഥാനക്കാരടക്കമുള്ള തൊഴിലാളികൾക്ക് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ്ഇവയുടെ പ്രവർത്തനം രാത്രി ഏട്ടുവരെയായി നിശ്ചയിച്ചതെന്നും ഇത് കുറയ്ക്കാൻ അനുവദിക്കരുതെന്നും ആവശമുയർന്നു. ഇതിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചന നടത്തുമെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.