കോട്ടയം: ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ബാങ്കിന് 200 മീറ്റർ അകലെ കോടിമത നാലുവരിപ്പാതയിലാണ് ആംബുലൻസ് തടഞ്ഞത്.
കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും ഇതിനിടെ നൊമ്പരമുണർത്തുന്ന കാഴ്ചയായി.
മൃതദേഹം വഹിച്ചുള്ള യാത്ര തടഞ്ഞതോടെ കോടിമത നാലുവരിപ്പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസമുണ്ടായി. ചങ്ങനാശ്ശേരി, കോട്ടയം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ വീട്ടിലേയക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിനെതുടർന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് സംസ്ക്കാരത്തിന് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.