കാഞ്ഞിരപ്പള്ളി: പാറത്തോട് പാലപ്രയിൽ ടാപ്പിങ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ പ്രദേശവാസികൾ ആശങ്കയിലായി. കണ്ടത് കാട്ടുപൂച്ചയോ പാക്കാനോ ആയിരിക്കാമെന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കക്ക് വിരാമം. പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട പാലപ്ര ടോപ്പിലാണ് ശനിയാഴ്ച പുലർച്ച കടുവയോട് സാദൃശ്യമുള്ള ജീവിയെ ടാപ്പിങ് തൊഴിലാളി കണ്ടത്.
ഇരുപതേക്കറോളം വരുന്ന പാലക്കൽ എസ്റ്റേറ്റിൽ റബർ മരങ്ങൾ ടാപ്പിങ് ചെയ്യാനെത്തിയ തൊഴിലാളി പുലർച്ച രണ്ടോടെ കടുവയോട് സാദൃശ്യമുള്ള ജീവിയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടർന്ന് മറ്റ് തൊഴിലാളികളെയും വിവരമറിയിച്ചു. വണ്ടൻപതാലിൽനിന്ന് വനപാലകരും കാഞ്ഞിരപ്പള്ളിയിൽനിന്ന് പൊലീസ് സംഘവുമെത്തി പ്രദേശത്ത് ഒരുമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കാൽപാടുകൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കടുവ അല്ലെന്ന് വനപാലകർ സ്ഥിരീകരിച്ചത്. തൊഴിലാളി കണ്ടത് കാട്ടുപൂച്ചയോ പാക്കാനോ ആകാമെന്നാണ് വനപാലകർ പറയുന്നത്. എസ്റ്റേറ്റിന്റെ അതിർത്തി പ്രദേശങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളാണ്. വനവുമായി ഒരിടത്തും അതിർത്തി പങ്കിടുന്നുമില്ല. അതുകൊണ്ടുതന്നെ കടുവ പോലുള്ള വന്യമൃഗങ്ങൾ ഇവിടെ എത്താനുള്ള സാധ്യതയില്ലെന്നും വനപാലകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.