കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിൽ സമയക്രമത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബസ് തൊഴിലാളികൾ തമ്മിലുള്ള സംഘട്ടനത്തിൽ ബസ് ഡ്രൈവർക്ക് തലക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട ഇടക്കുന്നം റൂട്ടിൽ സർവിസ് നടത്തുന്ന ആമിസ് ബസും പൊൻകുന്നം മുണ്ടക്കയം ഇളംകാട് സർവിസ് നടത്തുന്ന സെറ ബസിലെ തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സ്റ്റാൻഡിൽനിന്ന് സമയക്രമം തെറ്റിച്ചാണ് ആമിസ് ബസ് സ്ഥിരമായി ഇറങ്ങുന്നതെന്നും സെറയുടെ മുന്നിൽ പോകുന്ന ബസ് പാറത്തോട് വരെ കയറ്റിവിടാതെ ഓടുകയാണെന്നും ഇത് സംബന്ധിച്ച് പലതവണ തർക്കമുണ്ടായതായും സെറ ബസിലെ തൊഴിലാളികൾ പറയുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ കാഞ്ഞിരപ്പള്ളി സ്റ്റാൻഡിൽനിന്ന് സെറ ബസ് ഇറങ്ങാൻ തുടങ്ങിയ സമയം ഓട്ടോയിലെത്തിയ ആമിസ് ബസിലെ ഗുണ്ടകൾ ചീത്തവിളിക്കുകയും അക്രമിക്കുകയും ചെയ്തതായി സെറ ബസിലെ ഡ്രൈവർ ചേനപ്പാടി സ്വദേശി കെ.ഇ. അജാസ് പറഞ്ഞു.
പൊലീസിന് മുന്നിൽവെച്ച് അജാസിനെ കല്ലുകൊണ്ട് തലക്കും കൈക്കും ഇടിച്ചതായും പറയുന്നു. തലക്ക് സാരമായി പരിക്കേറ്റ അജാസ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തടസ്സം പിടിക്കാൻ ചെന്ന കണ്ടക്ടറുടെ കൈയിലിരുന്ന കലക്ഷൻ പണം കവർന്നതായും ഇവർ പറഞ്ഞു. സംഭവത്തിൽ ആമിസ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.