കാഞ്ഞിരപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ലൈൻമാനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോവിൽകടവ് പാറക്കൽ വീട്ടിൽ ഷെഹീർ ലത്തീഫ് (39), പാറക്കടവ് പുതുപറമ്പിൽ വീട്ടിൽ നജീബ് ഷിബിലി (27), മണ്ണാറക്കയം അഞ്ചലിപ്പ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ അബ്ദു ഷാജി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ മൂവരും ചേർന്ന് കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ലൈൻമാൻ സുബൈർമോനെയാണ് പാറക്കടവ് ഭാഗത്തേക്കുള്ള വഴിയിൽവെച്ച് ബൊലേറോ വാഹനത്തിൽ എത്തി തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തത്. ഇയാളുടെ കൈയിലിരുന്ന ഡിസ്കണക്ഷൻ ലിസ്റ്റ് വലിച്ചുകീറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. ബിർള കോളനി ഭാഗത്ത് വൈദ്യുതി കണക്ഷൻ കുടിശ്ശിക വരുത്തിയ വീട്ടിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് അറിയിച്ചതിലുള്ള വിരോധം മൂലമാണ് ഇയാളെ ആക്രമിച്ചത്.
യുവാക്കൾക്കെതിരെ ആക്രമണത്തിനും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ ഷിന്റോ പി. കുര്യൻ, എസ്.ഐ രാജേഷ് കുമാർ, സി.പി.ഒമാരായ പ്രകാശ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.