കാഞ്ഞിരപ്പള്ളി: പനിയുടെ പിടിയിലമർന്നിരിക്കുകയാണ് ജില്ലയിലെ മലയോര മേഖല. വൈറല്‍ പനിയോടൊപ്പം ഡെങ്കിപ്പനിയും ചില മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈയാഴ്ച ജനറൽ ആശുപത്രിയിൽ നൂറോളം പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിലേറെ ആളുകൾ ചികിത്സ തേടി എത്തുന്നുണ്ട്. ഒരു മാസത്തിനിടെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ പതിനഞ്ചോളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്ക് പനിമരുന്നുകൾ പോലും പുറത്തുനിന്നും വാങ്ങാൻ കുറിച്ചുനൽകുന്നതായി പരാതിയുണ്ട്. കാഞ്ഞിരപ്പള്ളി ടൗണിനു സമീപപ്രദേശമായ കൊടുവന്താനം ടോപ് മേഖലയിൽ കുട്ടികൾ, ഉൾപ്പെടെ പത്തോളം പേർക്ക് കഴിഞ്ഞദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഏഴാം വാർഡിൽ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തിവരുന്നു.
കടുത്ത പനി, പേശി വേദന, ശരീര വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇടവിട്ട് പെയ്യുന്ന മഴയും കൊതുകു പെരുകുന്നതും പനി പടരാൻ കാരണമായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. രോഗപ്രതിരോധനത്തിനുള്ള മുന്‍കരുതലുകള്‍ മുന്‍കൂട്ടി സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശമുണ്ടെങ്കിലും മഴക്കാലപൂർവ ശുചീകരണ പ്രവര്‍ത്തനങ്ങള്‍പോലും ഇതുവരെ പലയിടങ്ങളിലും നടത്തിയിട്ടില്ലെന്ന് ആരോപണമുണ്ട്.
സമയബന്ധിതമായ ചികിത്സയും വിശ്രമവും രോഗം ശമിപ്പിക്കാൻ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കൊതുകുകൾ പെരുകാതിരിക്കാൻ വീടിനകത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക, ഫ്രിഡ്ജിന്റെ ഡ്രീഫ്രോസ്റ്റ് ട്രേ, കൂളര്‍ ചെടിച്ചട്ടികള്‍, ഒഴിഞ്ഞ വീപ്പകള്‍, പാത്രങ്ങള്‍, മറ്റ് ഉപയോഗശൂന്യമായ വസ്തുക്കള്‍, ചിരട്ടകൾ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. റബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവെക്കുക. വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ കൊതുകുകൾ പ്രവേശിക്കാത്ത വിധം മൂടിവെക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.