കാഞ്ഞിരപ്പള്ളി: ബസ്സ്റ്റാൻഡിലെ അടച്ചുപൂട്ടിയ ശൗചാലയം തുറക്കാൻ നടപടിയില്ല. മൂന്നുമാസംമുമ്പ് മഴയെ തുടർന്ന് കംഫർട്ട് സ്റ്റേഷനിലെ മാലിന്യസംഭരണ ടാങ്കിൽനിന്നുള്ള മലിനജലം ബസ് സ്റ്റാൻഡിനുള്ളിലൂടെ പുറത്തേക്കൊഴുകിയതോടെയാണ് ശൗചാലയം അടച്ചുപൂട്ടിയത്.
ദിവസേന മുന്നൂറിലധികം ബസുകൾ കയറിയിറങ്ങുന്ന ബസ്സ്റ്റാൻഡിൽ ശൗചാലയമില്ലാത്തത് യാത്രക്കാരെയും ബസ് ജീനക്കാരെയും വ്യാപാരികളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ യാത്രക്കാരും ബസ് ജീവനക്കാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ശൗചാലയങ്ങളാണ് ആശ്രയിക്കുന്നത്. നേരത്തേ മലിനജലം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് ശൗചാലയം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് പുതിയ സെപ്റ്റിക് ടാങ്ക് നിർമിച്ചു. എന്നാൽ, ഇതിനുശേഷം വീണ്ടും മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങി. ഇതോടെയാണ് വീണ്ടും പൂട്ടുവീണത്.
ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല. ഇവർ കുരിശുങ്കലിൽ-മണിമല റോഡിലും പേട്ടക്കവലയിലുമുള്ള പൊതുശൗചാലയങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇത് സ്റ്റാൻഡിൽനിന്ന് ഏറെദൂരെയാണ്. ശൗചാലയം നവീകരണം നടത്തി ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും വ്യാപരികളുടെയും ആവശ്യം. ലക്ഷങ്ങൾ മുടക്കി ബസ്സ്റ്റാൻഡ് നവീകരിച്ചെങ്കിലും ശൗചാലയം ഇല്ലാത്തത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ബി.ഒ.ടി അടിസ്ഥാനത്തിൽ ശൗചാലയം നിർമിച്ചതിനാൽ പഞ്ചായത്തിന് നവീകരണം നടത്താൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.