കാഞ്ഞിരപ്പള്ളി: കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസ് നിർമാണത്തിന് കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ടെൻഡര്‍ ക്ഷണിച്ചു.പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ദേശീയ പാത 183ല്‍ ഉള്ള വളവില്‍നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേല്‍പാലം നിർമിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനു സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയിലാണ് ബൈപാസ്. എട്ട് ഏക്കര്‍ 42.8 സെന്റ് സ്ഥലമാണ് ആവശ്യമുള്ളത്. 29 വസ്തു ഉടമസ്ഥരില്‍നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.
24.76 കോടി നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ബൈപാസ് എന്ന ആശയത്തിന് തുടക്കമിട്ടത് 2004 ലാണ്. വിവിധ കാരണങ്ങളാല്‍ അന്നത് നടന്നില്ല. 2006ല്‍ വീണ്ടും ശ്രമം തുടങ്ങി. 2007ല്‍ പൊതുമരാമത്ത് വകുപ്പ് 3,14,50,000 രൂപ അടങ്കലില്‍ എസ്റ്റിമേറ്റ് തയാറാക്കി. എന്നാല്‍, സ്വകാര്യഭൂമി ഏറ്റെടുക്കാന്‍ അതില്‍ ഫണ്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. 2008 മേയ് 12ന് വീണ്ടും 9.25 കോടിയുടെ പുതിയ നിർദേശവുമായി മുമ്പോട്ടു പോയി. ഇതിന്റെ ഭാഗമായി 2010ല്‍ കലക്ടര്‍ 3.9830 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ ലാൻഡ് റവന്യൂ കമീഷണര്‍ക്ക് നിർദേശം സമര്‍പ്പിച്ചു. അന്ന് നിലവിലുണ്ടായിരുന്നത് 1894ലെ എല്‍.എ ആക്ട് ആയിരുന്നു.
2008ലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ, നിലവിലെ നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കാതെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചത് പ്രശ്നമായി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വസ്തു ഉടമസ്ഥര്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികള്‍ 2010ൽ സ്റ്റേ ചെയ്തു.
2011ലെ നിയോജകമണ്ഡലം പുനഃസംഘടനയോടെ മുമ്പ് വാഴൂര്‍ നിയോജക മണ്ഡലത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍കൂടി കാഞ്ഞിരപ്പള്ളിയുടെ ഭാഗമാകുകയും ഇന്നത്തെ രൂപത്തില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലമാകുകയും ചെയ്തു. 2012ല്‍ ഹൈകോടതി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിച്ച് മാത്രമേ ഭൂമി ഏറ്റെടുക്കാവു എന്ന വ്യവസ്ഥയില്‍ അനുവാദം നൽകി. 2016ല്‍ കാഞ്ഞിരപ്പള്ളി വില്ലേജിലെ 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായി. 2016-17ൽ പുതിയ സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റില്‍ ബൈപാസ് കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2016ല്‍ വിശദ ഡിസൈനും റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാന്‍ കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ദേശീയപാതയുമായി ചേരുന്ന രണ്ടു ഭാഗങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വെല്‍മൗത്തും ഡിവൈഡറുകളും കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഡിസൈന്‍ തയാറാക്കാന്‍ എം.എൽ.എ നിർദേശം നല്‍കി.
ഇതിന് അധിക സ്ഥലം ഏറ്റെടുക്കേണ്ടി വന്നു. 23നാണ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത്. സാങ്കേതിക ബിഡ് 28ന് തുറക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ 2024 ഫെബ്രുവരിയോടെ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് ഡോ. എൻ. ജയരാജ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.