കാഞ്ഞിരപ്പള്ളി: സഹകരണ ബാങ്കില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയ സംഭവത്തിൽ സസ്പെന്‍ഷനിലായ മുൻ ബ്രാഞ്ച് മാനേജറും പൊന്‍കുന്നം സ്വദേശിയുമായ ഗിരീഷിനെതിരെ ബന്ധു പരാതിയുമായി പൊലീസില്‍.
താനറിയാതെ തന്റെ പേരില്‍ ക്രമക്കേട് നടത്തി വായ്പയെടുത്തെന്നാണ് ബന്ധു മുണ്ടക്കയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഗിരീഷ് ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെ ഒരേ സ്ഥലം ഈടാക്കിക്കാണിച്ച് വിവിധയാളുകളുടെ പേരില്‍ ചിട്ടി വിളിച്ചെടുത്തു. ചിട്ടി കുടിശ്ശികക്ക് ബാങ്ക് നോട്ടീസ് ലഭിച്ചതോടെയാണ് പലരും വിവരം അറിയുന്നത്. ബാങ്ക് ഭരണസമിതി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുകയും ഇയാളുടെ ചില ബന്ധുക്കളുടെ വസ്തു ഈടായി വാങ്ങുകയും ചെയ്തിരുന്നു. ഈടായി വാങ്ങിയ സ്ഥലം നല്‍കാനാവില്ലെന്നാണ് ബന്ധുവിന്റെ നിലപാട്.
ബാങ്കിന് കാര്യമായ തുക ഗിരീഷിൽനിന്ന് വാങ്ങിയെടുക്കാനും കഴിഞ്ഞിട്ടില്ല. സഹകരണ വകുപ്പ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ബന്ധുവിന്റെ പരാതി.
ഇതിനിടെ പാറത്തോട് സഹകരണ ബാങ്കില്‍ വനിത ബ്രാഞ്ച് മാനേജര്‍ എട്ടുലക്ഷത്തോളം രൂപ തട്ടിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി സസ്പെന്‍ഷനിലായി. കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ മൂന്നുപേരിൽ രണ്ടുപേരെയാണ് സസ്പെൻഡ് ചെയ്തത്. മാനേജര്‍ വെട്ടിലാക്കിയതാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടും ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത് ഭരണകക്ഷിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടിയില്‍ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ കമ്പ്യൂട്ടര്‍ പാസ്വേഡ് കൈക്കലാക്കിയാണ് മാനേജര്‍ പണം തട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.