സെൻറ്​ ആൻറണീസ് പബ്ലിക് സ്കൂളി​െൻറ നേതൃത്വത്തിൽ നിർമിച്ച വീട്​ 

കൂട്ടുകാരന് ഓണസമ്മാനമായി വീടൊരുക്കി സഹപാഠികൾ

കാഞ്ഞിരപ്പള്ളി: ഇത് മനസ്സറിഞ്ഞുള്ള ഓണസമ്മാനം. രണ്ടാംക്ലാസുകാരനായ സഹപാഠിക്ക്​ അന്തിയുറങ്ങാൻ വീടൊരുക്കി കാഞ്ഞിരപ്പള്ളി സെൻറ്​ ആൻറണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും മാനേജ്മെൻറും ചേർന്നാണ് രണ്ടാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥിക്ക് 15 ലക്ഷം രൂപ ചെലവഴിച്ച് വീടു നിർമിച്ച്​ നൽകിയത്.

ക്ലാസിലെ അധ്യാപികയായ ആശാ കുട്ടികളുടെ ഭവനസന്ദർശനവേളയിലാണ് വീടി​െൻറ ശോച്യാവസ്ഥ മനസ്സിലാക്കിയത്. തുടർന്ന് അന്നത്തെ പ്രിൻസിപ്പൽ ഫാ. സണ്ണി മണിയാക്കുപാറ, സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ എന്നിവർ വീട്ടിലെത്തുകയും പുതിയ വീട് നിർമാണമെന്ന ആശയം നടപ്പാക്കുകയുമായിരുന്നു. 'സഹപാഠിക്ക് ഒരു കൈത്താങ്ങ്' പദ്ധതി ആവിഷ്കരിക്കുകയും വീടുനിർമാണത്തിന്​ ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തു.

സിറ്റൗട്ട്, ഹാൾ, മൂന്നു കിടപ്പുമുറി, അടുക്കള, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളോടെ 1200 ചതുരശ്രയടി വീട് നിർമാണം പൂർത്തിയായി.ഓണസമ്മാനമായി വീടി​െൻറ താക്കോൽ സ്കൂൾ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ കൈമാറി.

പ്രിൻസിപ്പൽ ഫാ. ജോഷി വാങ്ങിയ പുരയ്ക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. മനു മാത്യു, അസി. വികാരി ഫാ. ജോബി അറയ്ക്കപറമ്പിൽ, പി.ടി.എ പ്രസിഡൻറ്​ ജോസ് ആൻറണി, അധ്യാപിക ആശാ മണിമല, ഓഫിസ് സ്​റ്റാഫ് സെബാസ്​റ്റ്യൻ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കാളികളായി. വീടുനിർമാണത്തിന് ആവശ്യമായ ഇലക്ട്രിക് സാധനങ്ങൾ, പെയിൻറ്, വാതിലുകൾ എന്നിവ സംഭാവന ചെയ്ത സ്ഥാപനം ഉടമകളെ യോഗത്തിൽ അനുമോദിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.