കാഞ്ഞിരപ്പള്ളി: കിഴക്കൻ മലയോര മേഖല വിദ്യാഭ്യാസ വികസന കുതിപ്പിലേക്ക്. രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാഞ്ഞിരപ്പള്ളിയിൽ പുതുതായി അനുവദിച്ചു. കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന സക്കാറിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹെല്‍ത്ത് യൂനിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത നഴ്സിങ് കോളജും എം.ജി സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ലോകോളജുമാണ് ആരംഭിക്കുക. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് ഡൊമിനിക് കോളജിനോട് അനുബന്ധിച്ചാണ് ലോകോളജ് ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് (സി പാസ്) കീഴിലാണ് നഴ്സിങ് സ്കൂൾ ആരംഭിക്കുന്നത്. ആദ്യ ബാച്ചിൽ 40 വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൗകര്യമൊരുക്കും. കൂടാതെ റേഡിയോളജി, ഫിസിയോതെറപ്പി ഉൾപ്പെടെ അനുബന്ധ കോഴ്സുകളും ഇവിടെ ആരംഭിക്കും. കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട റോഡിൽ ഇല്ലത്തുംകടവിൽ 25000 ചതുരശ്രയടി വിസ്തീർണമുള്ള ജാസ് സമുച്ചയത്തിലാണ് നഴ്സിങ് കോളജ് തുടങ്ങുക. കോളജിനായി മുന്നേക്കർ സ്ഥലം ഗവ.ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് കണ്ടെത്തി നല്കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജ് മാനേജ്മെന്റിന് കീഴിലാണ് ലോകോളജ് ആരംഭിക്കുക. ബാർ കൗൺസിലിന്റെ അനുമതി ലഭിക്കുന്നതോടെ എൽ.എൽ.ബിയുടെ ത്രിവത്സര - പഞ്ചവത്സര കോഴ്സുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു, ആരോഗ്യമന്ത്രി വീണ ജോർജ്, ഉന്നതവിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഡ്വ.പി. ഷാനവാസ് എന്നിവർ മുൻകൈയെടുത്താണ് രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കാഞ്ഞിരപ്പള്ളിക്ക് അനുവദിച്ചത്. സി.പി.എം നേതാവ് കെ.ജെ. തോമസ്, ജില്ല കമ്മിറ്റി അംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ് എന്നിവർ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.