കാഞ്ഞിരപ്പള്ളി: കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ മാറിയിടുന്നതിന്റെ ജോലിയുടെ ഭാഗമായി ചിറക്കടവ്-പള്ളിപ്പടി-വള്ളികാട് റോഡ് വെട്ടിപ്പൊളിച്ച് പൂർണമായും തകർത്തു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പണികൾ ആരംഭിച്ചത്. ഗുണമേന്മയില്ലാത്ത എട്ട് ഇഞ്ചിന്റെ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇതുമാറ്റി പകരം പൈപ്പിടാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിളച്ചു മറിക്കുകയായിരുന്നു. ഇതോടെ കാൽനടപോലും അസാധ്യമായി.
ഇതേക്കുറിച്ച് സംസാരിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് അന്തർ സംസ്ഥാന തൊഴിലാളികളെയാണ്. ബന്ധപ്പെട്ട കരാറുകാരോ ഉദ്യോഗസ്ഥരോ സ്ഥലത്ത് ഇല്ലാത്തതിനാൽ നാട്ടുകാർ ജോലികൾ തടഞ്ഞു.
പഞ്ചായത്ത് അംഗം ജസി മലയിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് റോഡ് കുഴിക്കുന്നത് തടഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട അസി. എക്സിക്യൂട്ടിവ് എൻജിനീയർ സംഭവസ്ഥലത്തെത്തി. റോഡിൽ പൈപ്പ് ഇട്ട ശേഷം ശരിയായി മൂടാതെയും റോഡ് ടാർ ചെയ്തു കൊടുക്കാതെയും കരാറുകാർ കടന്നുകളയുമെന്നുള്ള സൂചനയെ തുടർന്ന് നാട്ടുകാർക്ക് ഇതിൽ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യമുയർന്നു.
ബന്ധപ്പെട്ട എൻജിനീയർ വാർഡ് അംഗത്തെയും നാട്ടുകാരെയും കണ്ട് ചർച്ചചെയ്തതിനെ തുടർന്ന് റോഡിൽ പൈപ്പിട്ടതിന് മുകളിൽ കൂടുതൽ മണ്ണിട്ട് റോഡ് ഉറപ്പിച്ച് നൽകാമെന്നും പിന്നീട് കോൺക്രീറ്റ് ചെയ്ത് നൽകാമെന്നും വാക്കാൽ ഉറപ്പുനൽകി. ഇതോടെയാണ് പ്രവൃത്തി പുനരാരംഭിച്ചത്. ടാറിങ് കുത്തിപൊളിച്ച് ഗതാഗതയോഗ്യമല്ലാതാക്കി മാറ്റിയതിന് പകരം റോഡ് ശരിയായി ടാർ ചെയ്താൽ മാത്രമേ വാഹനങ്ങൾ മണ്ണിൽ താഴ്ന്നുപോകാതെ ഇതുവഴി കടന്നുപോവാൻ കഴിയൂ എന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.