കാഞ്ഞിരപ്പള്ളി: നിര്‍മാണം നടക്കുന്ന വീടുകളില്‍ കയറി കെട്ടിട നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചുവില്‍ക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞിരപ്പള്ളി പാറക്കടവ് ഓരായിരത്തില്‍ അഹദ് ഫൈസലിനെ കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു. സംഘത്തിൽ പ്രായപൂര്‍ത്തിയാകാത്തയാൾ ഉള്‍പ്പെടെ രണ്ടുപേരുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ആക്രി കച്ചവടത്തിന്റെ മറവിലായിരുന്നു മോഷണം. നിര്‍മാണം നടക്കുന്ന വീടുകളില്‍ സന്ദർശനം നടത്തി മോഷ്ടിക്കാൻ ആവശ്യമായ സാമഗ്രികള്‍ കണ്ടുവെക്കുകയാണ് പതിവ്. പിന്നീട് രാത്രിയെത്തി മോഷ്ടിച്ച് ആക്രി കടകളില്‍ കൊടുത്ത് പണം വാങ്ങും. ആക്രിക്കടകള്‍ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികളെ കുറിച്ചു വിവരം ലഭിച്ചത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കപ്പാട് നെല്ലിയാനിയില്‍ ജോജി, മൂന്നാം വയല്‍ വട്ടവയലില്‍ ജോസഫ് എന്നിവരുടെ നിര്‍മാണം നടക്കുന്ന വീടുകളില്‍ മോഷണം നടന്നിരുന്നു. വയറിങ് സാധനങ്ങളും മറ്റുമാണ് മോഷണം പോയത്. കഴിഞ്ഞ മേയിൽ ആക്കല്‍-തമ്പലക്കാട് റോഡില്‍ മാനന്താത്ത് നിർമാണത്തിലിരുന്ന വീട്ടില്‍ സമാനരീതിയിൽ മോഷണം നടന്നിരുന്നു. ഇതിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് അടുത്ത മോഷണവും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.