മുണ്ടക്കയം: കണ്ണിമല സർവിസ് സഹകരണ ബാങ്കില്‍നിന്ന് കോടിക്കണക്കിനു രൂപ വെട്ടിച്ച കേസില്‍ അറസ്റ്റിലായ ബാങ്ക് മുന്‍ മാനേജര്‍ പൊന്‍കുന്നം ചിറക്കടവ് ഗൗരീശങ്കരം പനച്ചിക്കല്‍ കരോട്ട് ഗിരീഷിനെ ബാങ്ക് ഹെഡ് ഓഫിസില്‍ തെളിവെടുപ്പിനു കൊണ്ടുവന്നു. ബാങ്കിന്റെ പുതിയ ഭരണസമിതി ഇക്കഴിഞ്ഞ ദിവസം മുണ്ടക്കയം പൊലീസിന് നല്കിയ പരാതിയിലാണ് അറസ്റ്റ് നടന്നത്.
2017 മുതല്‍ 2019 വരെ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചപ്പോൾ ഗിരീഷ് വ്യാജരേഖ ചമച്ച് വന്‍തുക തട്ടിയെന്നാണ് ബാങ്ക് സെക്രട്ടറി നല്കിയ പരാതിയില്‍ പറയുന്നത്. തന്റെ പേരില്‍ ലക്ഷക്കണക്കിനു രൂപ താനറിയാതെ വ്യജരേഖയില്‍ പണം തട്ടിയതായി ഗിരീഷിന്റെ ബന്ധു പൊന്‍കുന്നം സ്വദേശി ഹരിചന്ദ്രലാല്‍ നല്കിയ പരാതിയിൽ പൊലീസ് മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് വീണ്ടും കണ്ടെത്തിയ ക്രമക്കേടില്‍ ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ കേസിലാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. ആദ്യ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ അറസ്റ്റ്.
ബാങ്കിനു നാണക്കേടും സാമ്പത്തിക നഷ്ടവും വരുത്തിയ സംഭവം രണ്ടുമാസം മുമ്പ് അധികാരത്തില്‍ വന്ന പുതിയ ഭരണസമിതി ചര്‍ച്ചചെയ്ത് നടത്തിയ അന്വേഷണത്തിലാണ് സാധാരണ വായ്പയുടെയും ചിട്ടിയുടെയും പേരില്‍ നടത്തിയ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തയാളുകള്‍ തുക അടച്ചുതീര്‍ത്തശേഷം അവരറിയാതെ ഇയാള്‍ വീണ്ടും വായ്പ എഴുതി പണം കൈക്കലാക്കിയതായാണ് കണ്ടെത്തിയത്.
അന്നത്തെ സെക്രട്ടറി കണ്ണിമല സ്വദേശി തോമസ് ടി. തോമസും തട്ടിപ്പിൽ പങ്കാളിയായെന്ന് വ്യക്തമാണ്. ഇതേ തുടര്‍ന്നു തോമസിനെകൂടി പ്രതിയാക്കിയാണ് പരാതി. ഇയാള്‍ ഒളിവിലാണ്. കേസന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ കൂടുതല്‍ പ്രതികള്‍ കുടുങ്ങാനിടയുണ്ട്. മുന്‍ ഭരണസമിതിയിലെ ചില ആളുകളും പട്ടികയിലുണ്ടായേക്കുമെന്നാണ് സൂചന.
2017 മുതല്‍ നടന്ന തട്ടിപ്പില്‍ ബാങ്കിനും പാര്‍ട്ടിക്കും അപമാനമുണ്ടാക്കിയെന്ന ആക്ഷേപംമൂലം സജീവ രാഷ്ട്രീയ പ്രവര്‍ത്തകരല്ലാത്ത പൊതുപ്രവര്‍ത്തകരെ കണ്ടെത്തിയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. സി.പി.എമ്മിന് ഭൂരിപക്ഷമുള്ള ഇവിടെ ഭരണം പിടിക്കാന്‍ യു.ഡി.എഫ് കിണഞ്ഞ്ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.