കോട്ടയം: നവീകരിച്ച തിയറ്റർ തുറന്ന് ശസ്ത്രക്രിയ ആരംഭിച്ചെങ്കിലും രോഗികളെ കിടത്താൻ ഇടമില്ലാതെ ജില്ല ജനറൽ ആശുപത്രി. കിടക്കകളില്ലാതെ മേജർ ശസ്ത്രക്രിയകൾ ചെയ്യാതെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തേണ്ട പോസ്റ്റ് ഓപ്പറേഷൻ സർജറി വാർഡ് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. പ്ലാസ്റ്ററിങ് അടർന്നുവീണതിനെതുടർന്ന് നവീകരണത്തിനായി അടച്ചിട്ട അഞ്ചാംവാർഡ് തുറന്നു കൊടുത്താൽ രോഗികൾക്ക് ആശ്വാസമാകും. 45 കിടക്കകളുള്ള ഈ വാർഡിൽ ഒന്നരവർഷത്തിലേറെയായി അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയാണ്. മേൽക്കൂരയിലെ അറ്റകുറ്റപ്പണി കൂടാതെ ഇലക്ട്രിക്കൽ ജോലികളും ടൈലുകൾ മാറ്റലുമാണ് ചെയ്യാനുള്ളത്. പണി ഇഴഞ്ഞുനീങ്ങുകയാണ്. നിലവിൽ നിലത്തെ ടൈലുകൾ ഇളക്കിമാറ്റിയിട്ടിരിക്കുകയാണ്. ദിനേന ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിൽ ജനറൽ വാർഡ് ഒഴിവില്ലാതിരിക്കെയാണ് ഈ അനാസ്ഥ. പണി പൂർത്തിയാക്കേണ്ടത് എന്നാണെന്ന് കൃത്യമായി കാലാവധി വെച്ചിട്ടില്ല. നിർമാണപ്രവൃത്തികൾ നിരീക്ഷിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. വാർഡുകളിൽ കിടക്കകൾ ഒഴിവില്ലാത്തത് ആശുപത്രി ദൈനംദിന പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ വിഷയം ചർച്ചക്കു വന്നപ്പോൾ ഒരു മാസത്തിനകം പണി പൂർത്തിയാകുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ഇപ്പോഴും പ്രവൃത്തി തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
നിലവിൽ രണ്ട്, മൂന്ന്, നാല്, ആറ് വാർഡുകൾ മാത്രമാണ് ആശുപത്രിയിലുള്ളത്. 10 കിടക്കകളുള്ള രണ്ടാംവാർഡ് അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ബേൺസ് റൂമും ഐസോലെറ്റഡ് മുറിയും ഇതിനകത്താണ്. കണ്ണിന്റെ ശസ്ത്രക്രിയ കഴിഞ്ഞവരെയും ഇതിനകത്താണ് കിടത്തുക. മൂന്നാം വാർഡ് മാത്രമാണ് ജനറൽ. 45 കിടക്കകളാണ് ഇവിടെയുള്ളത്. നാലാം വാർഡ് പ്രസവവാർഡും ആറാംവാർഡ് കുട്ടികളുടെ വാർഡുമാണ്. അതേസമയം, അഞ്ചാംവാർഡ് അറ്റകുറ്റപണി പൂർത്തിയാക്കി ഉടൻ തുറന്നുകൊടുക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം പി.കെ. ആനന്ദക്കുട്ടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.