കറുകച്ചാൽ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കറുകച്ചാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി പാളി. 20 ലക്ഷം രൂപക്ക് 16 കാമറ സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇത് ആറ് കാമറായാക്കി ചുരുക്കിയെങ്കിലും പദ്ധതി നടപ്പായിട്ടില്ല. പദ്ധതിക്ക് 20 ലക്ഷം രൂപയോളമാണ് ജില്ല പഞ്ചായത്ത് അനുവദിച്ചത്. തുക ജില്ല പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ, വർഷങ്ങൾ മുന്നോട്ടുപോയിട്ടും കാമറയുടെ കാര്യത്തിൽ തീരുമാനമായില്ല.
സെന്റേജ് ചാർജ് നൽകുന്നത് സംബന്ധിച്ച തർക്കമാണ് പദ്ധതി നീളാൻ കാരണമായതെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്. കാമറ സ്ഥാപിക്കാൻ നൽകിയ തുകയുടെ 11 ശതമാനത്തോളം രൂപ പൊതുമരാമത്ത് വകുപ്പിൽ സെന്റേജ് തുകയായി അടക്കണമെന്ന് ജില്ല പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെന്റേജ് ചാർജ് അടക്കേണ്ടതില്ലെന്ന് ജില്ല പഞ്ചായത്ത് നിലപാട് സ്വീകരിച്ചതോടെ പദ്ധതി പൂർണമായി നിലച്ചു. നൽകിയ പണം പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടിൽ തന്നെയുണ്ട്. പദ്ധതി ആരംഭിച്ചപ്പോൾ 10 ലക്ഷം രൂപക്ക് 30 കാമറ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ, തുക അപര്യാപ്തമായതോടെ പിന്നീടുള്ള ബജറ്റിൽ 20 ലക്ഷം രൂപയാക്കി ഉയർത്തിയെങ്കിലും കാമറ 16 ആയി ചുരുങ്ങി. എന്നാൽ, ഇത്തരം കാമറകൾക്ക് നിലവാരം കുറവാണെന്നും 20 ലക്ഷം രൂപക്ക് ടെൻഡർ പൂർത്തിയാക്കാനും കഴിയാതെ വന്നതോടെ കാമറകൾ വീണ്ടും ചുരുക്കി. ഇപ്പോൾ ആറ് കാമറയാണ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും ആധുനിക നിലവാരത്തിലുള്ള രാത്രിയും ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള വിലകൂടിയ കാമറകളാണ് സ്ഥാപിക്കുന്നത്. വാഴൂർ, മണിമല, മല്ലപ്പള്ളി റോഡുകളിലായി മൂന്ന് കാമറക്ക് പുറമെ നെത്തല്ലൂർ കവലയിൽ കോട്ടയം റോഡിലും വാഴൂർ റോഡിലും കറുകച്ചാലിൽനിന്നുള്ള റോഡിലുമാണ് കാമറകൾ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നത്. ഇവ പൊലീസ് സ്റ്റേഷനിൽ സജ്ജമാക്കിയ മുറിയിലെ സ്ക്രീനിലൂടെ നിരീക്ഷിക്കാനായിരുന്നു ലക്ഷ്യം. ഉടൻ നടപ്പാക്കുമെന്ന് അധികൃതർ പലപ്പോഴായി പറഞ്ഞതല്ലാതെ ഇനിയും പദ്ധതി പൂർത്തിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.