കോട്ടയം: ജില്ലയെക്കുറിച്ചുള്ള സചിത്ര വർണനകളുമായി പോളിങ് ബൂത്തുകളിലേക്ക് സ്വാഗതമോതാൻ കോട്ടയം ഡൂഡിലുകൾ. വെള്ളിയാഴ്ച പോളിങ് നടക്കുന്ന ജില്ലയുടെ വിവിധ പോളിങ് ബൂത്തുകളിലാണ് സ്വാഗതവും നെയിം ബോർഡുകളുമായി ചിത്രരചനാവൈഭവം തുളുമ്പുന്ന കോട്ടയം ഡൂഡിലുകൾ നിറഞ്ഞുനിൽക്കുന്നത്.
ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ വി. വിഘ്നേശ്വരിയുടെ താൽപര്യപ്രകാരം പത്തനാപുരം സ്വദേശിയും ചിത്രകാരിയുമായി ശിൽപ അതുലാണ് പോളിങ് ബൂത്തുകളിൽ സ്ഥാപിക്കാനുള്ള പോസ്റ്ററുകൾ വരച്ചുനൽകിയിട്ടുള്ളത്. ഫേസ്ബുക്കിലൂടെ ശിൽപയുടെ ഇത്തരത്തിലുള്ള ഡൂഡിലുകൾ കണ്ടാണ് തെരഞ്ഞെടുപ്പിനുവേണ്ടി കോട്ടയം ജില്ലയെക്കുറിച്ചുള്ള ചിത്രങ്ങൾ വരക്കാൻ കലക്ടർ ഏൽപ്പിച്ചത്. പോളിങ് ബൂത്തുകളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഡൂഡിൽ പോസ്റ്ററിനൊപ്പം പ്രവേശനം, സമ്മതിദായകകേന്ദ്രം, ക്രഷ്, സഹായകേന്ദ്രം, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം, കുടിവെള്ളം, പുറത്തേക്ക് എന്നിങ്ങനെയുള്ള ദിശാസൂചകങ്ങളുടെയും ഡൂഡിൽ പോസ്റ്റർ ഉണ്ട്.
കോട്ടയത്തെ പ്രധാന സ്ഥലങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും ദേവാലയങ്ങളും പൈതൃകകേന്ദ്രങ്ങളും ജില്ലയുടെ സവിശേഷതകളായ കായലും കരിമീനും കലക്ട്രേറ്റും മീനച്ചിലാറും തെരഞ്ഞെടുപ്പിൽ വോട്ടിങ് പങ്കാളിത്തം ഉറപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത കഥാപാത്രം കോട്ടയം കുഞ്ഞച്ചനുമെല്ലാം നിറഞ്ഞുനിൽക്കുന്നുണ്ട് ഈ ഡൂഡിലിൽ. ഈ പോസ്റ്ററുകൾ ജില്ലയിലെ വിവിധ നിയമസഭ നിയോജകമണ്ഡലങ്ങളിലെ സ്വീകരണ/വിതരണ കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രിക്കൊപ്പം പോളിങ് ഉദ്യോഗസ്ഥർക്കു വ്യാഴാഴ്ച കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.