കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ സ്വകാര്യ പങ്കാളിത്തത്തോടെ 32 കോടിയുടെ ബസ് ടെർമിനലും വ്യാപാര സമുച്ചയവുമടക്കം ബൃഹദ് പദ്ധതി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.81 കോടി ചെലവിൽ നിർമിച്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലും യാർഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
4.5 ഏക്കർ കോട്ടയം സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്കുണ്ട്. ഇവിടെ ബി.ഒ.ടി അടിസ്ഥാനത്തിൽ വിപുലമായ പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ട്. ശബരിമല തീർഥാടന കാലത്ത് കോട്ടയത്തുനിന്ന് കൂടുതൽ ബസുകൾ സർവിസ് നടത്തും. നിലവിലെ മറ്റ് സർവിസുകൾ കുറക്കാതെതന്നെ ഇത്തവണ കൂടുതൽ ശബരിമല സർവിസ് നടത്തും.
ഇന്ധന വിലവർധന കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ കെ.എസ്.ആർ.ടി.സി ലാഭത്തിലായേനെ. ശമ്പളമടക്കം നൽകുന്നതിന് 15 കോടിയുടെ അധിക സാമ്പത്തിക ബാധ്യത സർക്കാറിനുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസ്സ്റ്റാൻഡുകൾ നാഗമ്പടത്തേക്ക് മാറ്റി വിപുല സൗകര്യങ്ങളൊരുക്കി ജനങ്ങളുടെ ട്രെയിൻ - ബസ് ഗതാഗത സാധ്യതകൾ വിപുലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് അധ്യക്ഷത വഹിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി. കലക്ടർ ഡോ.പി.കെ. ജയശ്രീ, നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം എൻ. ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. സെബി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ നാട്ടകം സുരേഷ്, എ.വി. റസൽ, വി.ബി. ബിനു, അസീസ് ബഡായി, ലിജിൻ ലാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.