ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് റോഡിൽ അടിപ്പാത വരുന്നു. തിരക്കേറിയ റോഡ് മുറിച്ചുകടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ട് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് മെഡിക്കൽ കോളജിലേക്ക് പ്രവേശിക്കാനാണ് അടിപ്പാത. ഇതിന് ഭരണാനുമതി ലഭിച്ചതായും ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മെഡിക്കൽ കോളജിലേക്ക് എത്തുന്ന രോഗികൾ അടക്കമുള്ളവർക്ക് ബസ്സ്റ്റാൻഡിൽ ഇറങ്ങിയശേഷം വേഗത്തിൽ അടിപ്പാതയിലൂടെ ആശുപത്രിയിലേക്ക് എത്താൻ കഴിയും.
കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതി വികസനസമിതിയുടെ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് 1000 താക്കോൽദ്വാര ശസ്ത്രക്രിയ (ലാപറോസ്കോപ്പിക്) വിജയകരമായി പൂർത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണോദ്ഘാടനം ഏപ്രിൽ 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും വാസവൻ പറഞ്ഞു.
പദ്ധതി ആരംഭിക്കുന്നതിന് മുൻകൈയെടുത്ത പ്രഫ. പി.ജി.ആർ. പിള്ള, പ്രഫ. എം.എൻ. ശശികുമാർ എന്നിവരെ മന്ത്രി പൊന്നാടയണിയിച്ചു. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ഡോ. വി. അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഡോ. എസ്. സുനിൽ, നഴ്സിങ് ഓഫിസർ സുജാത എന്നിവർ സംസാരിച്ചു.
കഴിഞ്ഞവർഷം മാർച്ചിലാണ് ലാപറോസ്കോപ്പിക് ശസ്ത്രക്രിയ ആരംഭിച്ചത്. ശരീരത്തിലെ ചെറിയ മുറിവിലൂടെ നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്ന രീതിയാണിത്. മൂന്നുലക്ഷം രൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ സർക്കാറിന്റെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കൽ കോളജിൽ ചെയ്ത് നൽകുന്നത്. അടിവയറ്റിലെ മുഴകൾ, ഹെർണിയ, അന്നനാളം ആമാശയം എന്നിവയിലെ അർബുദ ഭാഗങ്ങൾ നീക്കം ചെയ്യൽ അടക്കമുള്ള ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയതെന്ന് ഡോ. വി. അനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.