കോട്ടയം: ഭാഗ്യത്തെ ഉറ്റുനോക്കുകയാണ് കോട്ടയത്ത് ഇടത്-വലത് മുന്നണികൾ. നറുക്ക് അനുകൂലമാകുന്നവർക്ക് കോട്ടയം നഗരസഭ ഭരിക്കാം. എൽ.ഡി.എഫിനും യു.ഡി.എഫിനും 22 അംഗങ്ങൾ വീതമായതോടെയാണ് േകാട്ടയം നഗരസഭയിലെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടിവന്നത്.
എൽ.ഡി.എഫ്-22, യു.ഡി.എഫ്-21, എൻ.ഡി.എ- ഏട്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. ഇതോടെ ഭരണത്തിന് സ്വതന്ത്രയുടെ പിന്തുണ നിർണായകമായി. ഇരുമുന്നണികളും നടത്തിയ വടംവലിക്കൊടുവിൽ കോൺഗ്രസ് വിമതയായ സ്വതന്ത്ര അംഗം ബിൻസി സെബാസ്റ്റ്യെൻറ പിന്തുണ യു.ഡി.എഫ് ഉറപ്പിച്ചു. ചെയർമാൻ പദവിയാണ് ഇവർക്ക് യു.ഡി.എഫ് വാഗ്ദാനം.
ഇതോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും 22 വീതം അംഗങ്ങളായി. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ എട്ട് അംഗങ്ങളുള്ള ബി.ജെ.പി സ്വന്തം നിലയിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ അട്ടിമറികളൊന്നും നടന്നില്ലെങ്കിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യവോട്ടുകളാകും. ഇതോടെ അധ്യക്ഷയെ കണ്ടെത്താൻ നറുക്കിടും.
മുൻധാരണയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫിെൻറ അധ്യക്ഷ സ്ഥാനാർഥിയായി ബിൻസി സെബാസ്റ്റ്യനാകും മത്സരിക്കുക. അഞ്ചുവർഷവും അധ്യക്ഷ സ്ഥാനമാണ് ഇവർ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിരുന്നത്. നറുക്കെടുപ്പിൽ പരാജയപ്പെട്ടാൽ അഞ്ചുവർഷം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാമെന്നും യു.ഡി.എഫ് നേതൃത്വം ഇവർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
എൽ.ഡി.എഫിെൻറ അധ്യക്ഷ സ്ഥാനാർഥിയായി സി.പി.എമ്മിലെ ഷീജ അനിലാകും മത്സരിക്കുക. കോടിമത സൗത്ത് വാർഡിൽനിന്നാണ് ഷീജ വിജയിച്ചത്. ജില്ല ശിശുക്ഷേമ സമിതി മുൻ ഉപാധ്യക്ഷ കൂടിയാണ് ഇവർ.
അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തിൽ അന്തിമധാരണയായിട്ടില്ല. കോൺഗ്രസിൽ ഒന്നിലധികംപേർ ഇതിനായി രംഗത്തുണ്ട്. നറുക്ക് അനുകൂലമായാൽ വീതംവെക്കും.
എം.പി. സന്തോഷ്കുമാർ, എൻ. ജയചന്ദ്രൻ ചീറോത്ത്, ടി.സി. റോയി, ബി. ഗോപകുമാർ, ജൂലിയസ് ചാക്കോ എന്നിവരാണ് പരിഗണനയിൽ മുന്നിൽ. എൽ.ഡി.എഫിൽ വൈസ് ചെയർപേഴ്സൻ സ്ഥാനത്തിനായി സി.പി.ഐ രംഗത്തുണ്ട്. ഇവർക്ക് രണ്ട് അംഗങ്ങളാണുള്ളത്.
കാരാപ്പുഴ വാർഡിൽനിന്ന് വിജയിച്ച എൻ.എൻ. വിനോദ്, ചെട്ടിക്കുന്ന് വാർഡിൽനിന്ന് വിജയിച്ച എബി കുന്നേൽപ്പറമ്പിൽ എന്നിവരാണ് സി.പി.ഐ പ്രതിനിധികൾ. ഒരംഗങ്ങൾ വീതമുള്ള കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് (സ്കറിയ തോമസ്) എന്നിവർ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്. ഉച്ചക്ക് രണ്ടിന് ഉപാധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.