കോട്ടയം: കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭ വികസന പദ്ധതികൾക്കായി ചെലവഴിച്ചത് 19 ശതമാനം തുക മാത്രം. 37 കോടി പദ്ധതി വിഹിതത്തിൽ വെറും ഏഴുകോടി മാത്രമാണ് ചെലവഴിച്ചത്. ഡിസംബർ 31നു മുമ്പ് 70 ശതമാനം തുക ചെലവഴിക്കണമെന്നിരിക്കെയാണ് നാമമാത്രമായ പദ്ധതിച്ചെലവ്.
ഇനി 70 ദിവസങ്ങൾ കൂടിയേ പദ്ധതി നിർവഹണത്തിനുള്ളൂ. 464 പദ്ധതികൾക്കാണ് കഴിഞ്ഞ വർഷം അംഗീകാരം ലഭിച്ചത്. ഇതിൽ 340 എണ്ണവും എൻജിനീയറിങ് വിഭാഗത്തിന് കീഴിലുള്ളതാണ്. 30 കോടി ഫണ്ട് വകയിരുത്തിയ പദ്ധതിയിൽ ആറുകോടിക്കടുത്ത് മാത്രമാണ് തുക ചെലവഴിച്ചത്. 5.90 കോടി വകയിരുത്തിയ ആരോഗ്യവിഭാഗത്തിന്റെ പദ്ധതികളും എങ്ങുമെത്തിയിട്ടില്ല. കുടിവെള്ള പദ്ധതികൾ, റോഡുകൾ, മാലിന്യസംസ്കരണം തുടങ്ങി ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വികസനപ്രവർത്തനങ്ങളാണ് ഇരുവിഭാഗത്തിനും പൂർത്തിയാക്കാനുള്ളത്.
മാലിന്യപ്രശ്നം നഗരത്തിൽ ഏറെ നാളായി നിലനിൽക്കുന്നതാണ്. ശുചീകരണ മേഖലയിൽ ചെലവാക്കേണ്ട തുകയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാഴാകുന്നത്. എം.സി.എഫ് സ്ഥാപിക്കാൻ 2017 മുതലുള്ളതടക്കം മൂന്നു പദ്ധതികളാണുള്ളത്.
പണമുണ്ടായിട്ടും ചെലവഴിച്ചില്ലെന്നു പദ്ധതി അവലോകനം വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, കൃഷി മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നതാണ്. എസ്.സി ഫണ്ടുകൾ ചെലവാക്കുന്നതിൽ വീഴ്ചയുണ്ടെങ്കിലും മാർച്ചിനുമുമ്പ് പൂർത്തിയാക്കുമെന്ന് നിർവഹണ ഉദ്യോഗസ്ഥൻ കൗൺസിലിൽ അറിയിച്ചു. പദ്ധതി അവലോകനം ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിലിൽ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എം.പി. സന്തോഷ് കുമാർ, ബിന്ദു സന്തോഷ് കുമാർ, വിനു ആർ. മോഹൻ, ജിബി ജോൺ, എൻ.എൻ. വിനോദ്, ജോസഫ് തോമസ്, സാബു മാത്യു, ടി.സി. റോയി, പി.എൻ. സരസമ്മാൾ, അഡ്വ. ഷീജ അനിൽ തുടങ്ങിയവർ സംസാരിച്ചു.
ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കും അവരെ നിയന്ത്രിക്കാൻ ആളില്ലാത്തതും മൂലം നഗരത്തിന്റെ വികസനപ്രവർത്തനങ്ങളാണ് പ്രതിസന്ധിയിലായത്. നിർവഹണ ഉദ്യോഗസ്ഥൻ പദ്ധതി നടപ്പാക്കുന്നുണ്ടോ എന്നറിയാൻ കമ്മിറ്റികളുണ്ട്. അവരും മോണിറ്റർ ചെയ്തിട്ടില്ല. നടപ്പാക്കാൻ കഴിയില്ലെന്നു ബോധ്യമുള്ള പദ്ധതികൾക്കടക്കം ഫണ്ട് വകയിരുത്തിയിട്ടുണ്ട്. 2017ലെ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാനുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം 37 കോടിയാണെങ്കിലും അതിനുമുമ്പുള്ളതടക്കം 50 കോടിക്കു മുകളിൽ ഫണ്ടുണ്ടെന്ന് കൗൺസിലർ വിനു ആർ. മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.