കോട്ടയം: മരങ്ങാട്ടുപിള്ളി ലേബർ ഇൻഡ്യ പബ്ലിക് സ്കൂളിൽ നടന്ന കോട്ടയം സഹോദയ സ്കൂൾ കലോത്സവം 'സർഗസംഗമ'ത്തിന് തിരശ്ശീല വീണപ്പോൾ 720 പോയന്റുമായി കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 714 പോയന്റുമായി കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ 689 പോയന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിവിധ വിഭാഗങ്ങൾ തിരിച്ചുള്ള സമ്മാനദാനത്തിൽ കാറ്റഗറി ഒന്നിൽ 59 പോയന്റും കാറ്റഗറി രണ്ടിൽ 135 പോയന്റും കാറ്റഗറി നാലിൽ 277 പോയന്റും നേടി കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. കാറ്റഗറി മൂന്നിൽ 275 പോയന്റ് നേടിയ ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിനാണ് ചാമ്പ്യൻഷിപ്.
സെക്കൻഡറി വിഭാഗത്തിൽ 362 പോയന്റുമായി കീഴൂർ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളും സീനിയർ സെക്കൻഡറി വിഭാഗത്തിൽ 720 പോയന്റുമായി ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും സ്റ്റേജ് ഇതരവിഭാഗത്തിൽ 280 പോയന്റുമായി കോട്ടയം ലൂർദ് പബ്ലിക് സ്കൂളും സംഗീതയിനങ്ങളിൽ 100 പോയന്റുമായി താഴത്തങ്ങാടി ചിന്മയ വിദ്യാലയവും ഉപകരണ സംഗീതത്തിൽ 39 പോയന്റുമായി കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻഷിപ് കരസ്ഥമാക്കി. അവസാന ദിവസം നടന്ന ഗ്രൂപ് ഇനങ്ങളിൽ സംഘഗാനത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും മൂകാഭിനയത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളും പാശ്ചാത്യ സംഗീതമത്സരത്തിൽ കോട്ടയം ഗിരിദീപം ബഥനി സെൻട്രൽ സ്കൂളും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ദേശഭക്തിഗാന മത്സരത്തിൽ പാലാ കാർമൽ പബ്ലിക് സ്കൂളും ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാറും ഒന്നാംസ്ഥാനം പങ്കിട്ടു. സമാപന സമ്മേളനത്തിൽ കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എം. എൽ.എ സമ്മാനദാനം നിർവഹിച്ചു.
ലേബർ ഇൻഡ്യ ഗ്രൂപ് ചെയർമാൻ ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. സഹോദയ ജനറൽ സെക്രട്ടറി ആർ.സി. കവിത, സഹോദയ ട്രഷറർ ഫ്രാങ്ക്ളിൻ മാത്യു, ലേബർ ഇൻഡ്യ സ്കൂൾ പ്രിൻസിപ്പൽ സുജ കെ. ജോർജ്, മാനേജിങ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡോ. നിജോയ് പി. ജോസ്, മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി മുൻ റജിസ്ട്രാർ ഡോ. ജോസ് ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.