കോട്ടയം: ചൂടിൽ സംസ്ഥാനത്ത് മുന്നിലെത്തിയതിനു പിന്നാലെ ജില്ലയുടെ പലയിടങ്ങളിലും മഴ. വെള്ളിയാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്തായിരുന്നു. 35.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കനുസരിച്ച് കണ്ണൂർ വിമാനത്താവളമായിരുന്നു തൊട്ടുപിന്നിൽ (35.2).
ഇതിനുപിന്നാലെ, വൈകീട്ടോടെ ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. ഈരാറ്റുപേട്ട, എരുമേലി, പൂഞ്ഞാർ, പാറത്തോട്, തിടനാട്, പൈക, പൂവരണി, മുണ്ടക്കയം, കൊടുങ്ങൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. അടുത്ത ദിവസങ്ങളിലും മഴയെത്തുമെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ/ ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. ജനുവരി- ഫെബ്രുവരി മാസം മഴയില്‍ ജില്ലയില്‍ 178 ശതമാനം അധികം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഫെബ്രുവരി അവസാനം മുതല്‍ പകല്‍ ചുട്ടുപൊള്ളുന്ന കാഴ്ചയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റെക്കോഡ് ചൂടാണ് അനുഭവപ്പെട്ടത്. പല ദിവസങ്ങളിലും 40 ഡിഗ്രി വരെ അനൗദ്യോഗികമായി രേഖപ്പെടുത്തിയിരുന്നു. വേനല്‍ മഴ ശക്തമാകുന്നില്ലെങ്കിൽ ഇത്തവണയും സമാന സ്ഥിതിയാകുമെന്ന ആശങ്കയുണ്ട്. ഡിസംബറില്‍ ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നുവെങ്കിലും ഏതാനും ദിവസമായി വരണ്ട അവസ്ഥയാണ്. തോടുകളിലെയും പുഴകളിലെയും ജലനിരപ്പ് കുത്തനെ താഴ്ന്നു.
ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വേനൽമഴ തുടർന്നില്ലെങ്കിൽ ഇത്തരം പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ചൂട് കൂടിയതോടെ കരിക്ക് അടക്കമുള്ളവയുടെ വിൽപനയും കൂടി. തണ്ണിമത്തൻ ജ്യൂസ് തേടിയും കടകളിലേക്ക് ഏറെപേർ എത്തുന്നുണ്ട്. പകല്‍ച്ചൂട് വര്‍ധിക്കുന്നതിനൊപ്പം രാത്രി താപനില കുറഞ്ഞതിനാല്‍ രാവിലെയും വൈകീട്ടും തണുപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലാണ് തണുപ്പിന്റെ കാഠിന്യം കൂടുതൽ. ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ മേഖലകളിലാണ് പുലർച്ച തണുപ്പ് കൂടുതലായി അനുഭവപ്പെടുന്നത്.
രാത്രിയിൽ തണുപ്പും പകൽ കനത്ത ചൂടുമെന്ന കാലാവസ്ഥ പ്രതിഭാസം കുട്ടികളിലടക്കം ചുമ അടക്കമുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.