കോട്ടയം: ഉരുൾപൊട്ടലിലും പ്രളയക്കെടുതിയിലും നാശനഷ്ടം നേരിട്ട കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും കുടുംബശ്രീ സി.ഡി.എസുകൾ അഞ്ചുവീട് നിർമിച്ചുനൽകും. പ്രളയമേഖലയിലെ ജനങ്ങൾക്ക് സഹായങ്ങളും ലഭ്യമാക്കി. മണിമല, കോരുത്തോട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലെ സി.ഡി.എസുകളുടെ നേതൃത്വത്തിൽ കൂട്ടിക്കലിൽ മൂന്നും കാഞ്ഞിരപ്പള്ളി സി.ഡി.എസിെൻറ നേതൃത്വത്തിൽ രണ്ടു വീടുമാണ് നിർമിക്കുക. കുടുംബശ്രീ അംഗങ്ങളിൽനിന്ന് സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് വീട് നിർമാണം.
വെള്ളാവൂർ പഞ്ചായത്തിലെ 150 കുടുംബശ്രീ യൂനിറ്റുകളിൽനിന്ന് സമാഹരിച്ച 6,08,197 രൂപ ഉപയോഗിച്ച് പ്രളയമേഖലയിലെ 123 കുടുംബങ്ങൾക്ക് കിടക്കകൾ, പാത്രങ്ങൾ, 2000 രൂപ വില വരുന്ന പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കി. പള്ളിക്കത്തോട്, അകലക്കുന്നം, വെള്ളൂർ, വാഴൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരും പ്രളയമേഖലകളിൽ സഹായങ്ങൾ എത്തിച്ചിരുന്നു. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിന് സമീപത്തെ ജനകീയ ഹോട്ടലിലേക്ക് ജില്ല മിഷെൻറ നേതൃത്വത്തിൽ 50,000 രൂപയുടെ പാത്രങ്ങളും മറ്റുപകരണങ്ങളും നൽകി. കുടുംബശ്രീയുടെ ന്യുട്രിമിക്സ് യൂനിറ്റുകൾ ഫ്രിഡ്ജും കെട്ടിടത്തിെൻറ അറ്റകുറ്റപ്പണിക്കുള്ള സഹായവും ലഭ്യമാക്കി. 15 ദിവസമായി മേഖലയിൽ മറ്റ് സേവനങ്ങളുമായി കുടുംബശ്രീ പ്രവർത്തകരുണ്ട്.
വീടുകൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ഹോട്ടലുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, മാർക്കറ്റുകൾ എന്നിവ ശുചീകരിക്കാനും കുടുംബശ്രീ പ്രവർത്തകർ സജീവമാണ്. എരുമേലി, പൂഞ്ഞാർ, തലപ്പലം എന്നിവിടങ്ങളിൽ 620 കുടുംബശ്രീ പ്രവർത്തകരാണ് ശുചീകരണത്തിനെത്തിയത്.
ജില്ല മിഷെൻറ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സി.ഡി.എസുകളുടെയും സഹകരണത്തോടെ കൂടുതൽ സഹായം പ്രളയമേഖലയിലേക്ക് എത്തിക്കാനും പ്രദേശവാസികളുടെ ജീവിതം സാധാരണരീതിയിലാക്കാനും പ്രത്യേക പദ്ധതി തയാറാക്കിയതായും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ അഭിലാഷ് ദിവാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.