കുറവിലങ്ങാട്: ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതി ചങ്ങനാശ്ശേരി സ്വദേശി രാജു ആൻറണി കീഴടങ്ങി. ഇന്ത്യൻ ഓയിൽ കോർപറേഷനിലും സൗത്ത് ഇന്ത്യൻ ബാങ്കിലും ഫെഡറൽ ബാങ്കിലുമടക്കം വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് രാജു ആൻറണി അടക്കമുള്ള വൻ റാക്കറ്റ് കോടികൾ തട്ടിയെടുത്തത്.
കോട്ടയം ജില്ലയിലെ കളത്തൂർ സ്വദേശി മിനി ഷാജി, ഏറ്റുമാനൂർ സ്വദേശി പാലമറ്റത്തിൽ പി.ജെ. ജോജോ, ഏറ്റുമാനൂർ സ്വദേശി ജയിംസ് ചാക്കോ, തെള്ളകം സ്വദേശി ചിലമ്പിട്ടപേരിൽ സൂസൻ തോമസ് എന്നിവരാണ് തട്ടിപ്പ് സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം ആണെന്നും സിനിമ നിർമാതാവാണെന്നും പരിചയപ്പെടുത്തി സമീപിച്ച് രാജു ആൻറണി 2018 ജൂലൈയിലാണ് തട്ടിപ്പ് നടത്തിയത്. ഒരുവർഷത്തിനുശേഷം ബാങ്കുകളുടെ അപ്പോയിൻറ്മെൻറ് ലെറ്റർ ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രാജു ആൻറണിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പരാതിക്കാർ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടു പലവട്ടം സമീപിച്ചെങ്കിലും ഉടൻ ജോലികിട്ടുമെന്ന് ഉറപ്പുനൽകി ഒഴിഞ്ഞുമാറിയതായാണ് പരാതിയിൽ പറയുന്നത്. പിന്നീട് പണം മടക്കിനൽകാമെന്ന് ഉറപ്പുനൽകി വക്കീലിെൻറ സാന്നിധ്യത്തിൽ ചെക്ക് നൽകി. കഴിഞ്ഞ സെപ്റ്റംബർ 22ന് ചെക്ക് മടങ്ങിയതോടെയാണ് പണം നഷ്ടമായ പരാതിയുമായി പൊലീസിലും ഹൈകോടതിയിലും എത്തിയത്. രാജു ആൻറണി ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
കോടതിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുറവിലങ്ങാട് പൊലീസ് ഇൻസ്പെക്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.