കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്കൊന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും എൽ.ഡി.എഫ് ജില്ല നേതൃത്വം. പരാജയവുമായി ബന്ധപ്പെട്ട് മുന്നണിയിലെ കക്ഷികളൊന്നും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല. എന്നാൽ, ചില മാധ്യമങ്ങൾ അസത്യം പ്രചരിപ്പിക്കുകയാണെന്നും ഇവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
എൽ.ഡി.എഫിലെ ഒരു പാർട്ടിയുടെ ഭാഗത്തും കുറവുകളുണ്ടായിട്ടില്ല. എൽ.ഡി.എഫ് ഐക്യത്തോടെ തന്നെ മുന്നോട്ടുപോകും. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായി കേരളത്തിൽ പൊതുവേയുണ്ടായ പ്രവണതകളുടെ ഭാഗമായാണ് കോട്ടയത്തും ഇടതുപക്ഷത്തിന് പരാജയമുണ്ടായത്. കോട്ടയത്ത് മാത്രമായി തോൽവിക്ക് പ്രത്യേക കാരണമൊന്നുമില്ലെന്നും കേരള കോൺഗ്രസ്(എം) ജില്ല പ്രസിഡന്റ് പ്രഫ. എം. ലോപ്പസ് മാത്യു, സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫ് വോട്ടുകളിലും കുറവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ, ബി.ഡി.ജെ.എസ് വലിയതോതിൽ വോട്ടുചോർത്തിയെന്ന പ്രചാരണം ശരിയല്ല.
കുമരകത്തടക്കം എൽ.ഡി.എഫിനാണ് ലീഡ്. എസ്.എൻ.ഡി.പിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് മേഖലയിൽ സ്ത്രീകളുടെ വിപുലമായ യോഗങ്ങൾ വിളിച്ച് വോട്ടഭ്യർഥിച്ചിട്ടും എൻ.ഡി.എക്ക് ഗുണമുണ്ടായില്ല. ജാതീയമായ ഏകീകരണം സൃഷ്ടിച്ച് മുതലെടുക്കാമെന്ന അവരുടെ കുതന്ത്രം കോട്ടയത്ത് പൊളിഞ്ഞു.
ബി.ഡി.ജെ.എസിന്റെ ഇത്തരം പ്രചരണരീതിക്കെതിരെ യു.ഡി.എഫ് ഒരു പ്രസ്താവന പോലും ഇറക്കിയില്ല. ഡി.സി.സി പ്രസിഡന്റിന്റെ ബൂത്തിൽ എൻ.ഡി.എക്കാണ് ലീഡ്. സമുദായം പറഞ്ഞ് വോട്ട് പിടിച്ചിട്ടും എൻ.ഡി.എക്ക് 6,911 വോട്ടുകൾ മാത്രമാണ് വർധിച്ചതെന്നും ഇവർ പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് 4,21,046 വോട്ടുകൾ നേടിയ യു.ഡി.എഫിന് ഇത്തവണ 3,64,631 വോട്ടുകളെ നേടാനായുള്ളൂ.
56,415 വോട്ടുകൾ നഷ്ടപ്പെട്ടതിന് യു.ഡി.എഫ് മറുപടി പറയണം. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ കുറവുണ്ടായത് 1.4 ശതമാനം വോട്ടുകൾ മാത്രമാണ് -37,422 വോട്ടുകൾ. പാലായിലും കടുത്തുരുത്തിയിലും യു.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷത്തിൽ ഇത്തവണ വലിയ ഇടിവുണ്ടായി. യഥാർഥ കണക്കിൽ പിന്നോട്ടായത് യു.ഡി.എഫാണ്.
എന്നിട്ടും യു.ഡി.എഫ് നേതാക്കളും മാധ്യമങ്ങളും എൽ.ഡി.എഫിനെ മാത്രം കടന്നാക്രമിക്കുകയാണ്. ദേശീയരാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിലും പ്രതിഫലിക്കുകയായിരുന്നു.
അല്ലാതെ, കോട്ടയത്തെ യു.ഡി.എഫിന്റെ മേന്മകൊണ്ടോ നേതാക്കളുടെ പ്രവർത്തനംകൊണ്ടോ ഉണ്ടായ വിജയമല്ലെന്നും ഇവർ പറഞ്ഞു.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. വി.ബി. ബിനു, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ കെ.എം. രാധാകൃഷ്ണൻ, അഡ്വ. റജി സഖറിയ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.