കോട്ടയം: കോവിഡ്കാലത്ത് സ്കൂൾപഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ സാക്ഷരത മിഷനും മടിച്ചുനിന്നില്ല. തുടർവിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കൾക്കായി വാട്സ്ആപ് ഗ്രൂപ് തുടങ്ങി.
അതുവഴി പതിവുപോലെ അധ്യാപകർ ക്ലാസും നൽകി. അങ്ങനെ 60 വയസ്സ്വരെയുള്ള 'കുട്ടികൾ' മൊബൈലിൽ പഠനത്തിലാണ്. ജൂലൈയിൽ തുടങ്ങിയ ക്ലാസ് വിജയകരമായി പുരോഗമിക്കുന്നു. ജില്ലയിൽ 10 ഇടങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകളും പുരുഷന്മാരും അടക്കം 3279 പഠിതാക്കളാണ് തുടർവിദ്യാഭ്യാസ പദ്ധതിയിൽ പഠനം നടത്തുന്നത്.
ഏറ്റവും കൂടുതൽ പഠിതാക്കളുള്ളത് പത്താംക്ലാസിലാണ് -1255 പേർ. ഹയർ സെക്കൻഡറിയിൽ 812 പേരും ഏഴാംക്ലാസ്സിൽ 465 പേരും നാലാംക്ലാസ്സിൽ 747 പേരും പഠിക്കുന്നുണ്ട്. പഠിതാക്കളിൽ എത്രപേർക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമുണ്ടെന്ന് ഡിജിറ്റൽ സർവേ നടത്തി കണ്ടെത്തിയ ശേഷമാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത്.
ഹയർ സെക്കൻഡറിയിലും പത്താംക്ലാസിലും എല്ലാവർക്കും വീടുകളിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഏഴാംക്ലാസ്സിലും നാലാംക്ലാസ്സിലും പഠിക്കുന്നവർക്ക് ഓൺലൈൻ ക്ലാസുകളിൽ പൂർണമായി പങ്കെടുക്കാനാവുന്നില്ല. വീടുകളിൽ മൊബൈൽ ഉണ്ടെങ്കിലും പ്രായം ചെന്നവരായതിനാൽ ഉപയോഗിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് തടസ്സമാകുന്നത്.
ഇവർക്ക് സമ്പർക്ക ക്ലാസ്സാണ് കൂടുതൽ പ്രയോജനപ്പെടുക. സാക്ഷരതപ്രേരക്മാരും പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാണ്. മറ്റ് ജില്ലകളിൽ ട്രാൻസ്ജെൻഡേഴ്സ് തുല്യതകോഴ്സുകളിൽ പഠനം നടത്തുന്നുണ്ടെങ്കിലും കോട്ടയത്ത് ആരുമില്ല.
22 വയസ്സ് പൂർത്തിയായ പത്താംക്ലാസ് വിജയിച്ച ആർക്കും പ്ലസ് വണ്ണിന് ചേരാം. പഠനമാധ്യമം മലയാളമാണ്. ഏഴാംക്ലാസ്സ് വിജയിച്ച, 17 വയസ്സ് പൂർത്തിയായവർക്ക് പത്താംക്ലാസിലും 15 വയസ്സ് പൂർത്തിയായ, നാലാംക്ലാസ് വിജയിച്ചവർക്ക് ഏഴാംക്ലാസ്സിലും ചേരാം. സ്കൂളിൽ പേകാത്തവർക്കായാണ് നാലാംക്ലാസ്സ് തുല്യതപഠനം.
സാക്ഷരതമിഷനുമായി ചേർന്നുള്ള ജില്ല പഞ്ചായത്തിെൻറ 'മിഷൻ 2020' പദ്ധതി അവസാന ഘട്ടത്തിലാണ്. 2020 ഓടെ 50 വയസ്സിന് താഴെയുള്ള എല്ലാവരെയും പത്താംക്ലാസ് വിജയിപ്പിക്കുക എന്ന ലക്ഷ്യമിട്ട് 2010ലാണ് തുടക്കമിട്ടത്. 2020ൽ സർവേ നടത്തി ശേഷിക്കുന്നവരെക്കൂടി തുടർവിദ്യാഭ്യാസത്തിെൻറ ഭാഗമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, കോവിഡ്മൂലം സർവേ നടത്താനായിട്ടില്ലെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ഡോ. വി.വി. മാത്യു പറഞ്ഞു.
കോട്ടയം: ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര നഗരമെന്ന നേട്ടം കോട്ടയം നഗരം സ്വന്തമാക്കിയിട്ട് 31 വർഷം പിന്നിട്ടു. 1989 ജൂൺ 25നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി എൻ.പി. സാഹി നഗരത്തെ ആദ്യ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിച്ചത്.
അൽഫോൻസ് കണ്ണന്താനമായിരുന്നു അന്ന് കലക്ടർ. എം.ജി സർവകലാശാല എൻ.എസ്.എസിെൻറ നേതൃത്വത്തിൽ നഗരസഭയുടെ സഹകരണത്തോടെയാണ് എല്ലാ വാർഡുകളിലും സാക്ഷരത യജ്ഞം നടപ്പാക്കിയത്.
നഗരസഭയിലെ ഇറഞ്ഞാൽ വാർഡിലാണ് യജ്ഞത്തിന് തുടക്കമിട്ടത്. എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം ആയിരുന്നു ചുക്കാൻപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.