അയ്മനം (കോട്ടയം): കെട്ടിടനമ്പർ തിരുത്തി വായ്പ തട്ടിപ്പിന് കൂട്ടുനിന്നെന്ന പരാതിയിൽ അയ്മനം പഞ്ചായത്തിനെതിരെ ഇ.ഡി അന്വേഷണം. പഞ്ചായത്ത് സെക്രട്ടറി സോണി മാത്യുവിനെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇ.ഡി മൊഴിയെടുത്തു. പഴയ കെട്ടിടത്തിന്‍റെ നമ്പർ തിരുത്തി പുതിയ നമ്പർ നൽകിയെന്നാണ് ആക്ഷേപം. അയ്മനം പഞ്ചായത്ത് എട്ടാം വാർഡിലെ കുടമാളൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ പഞ്ചായത്ത് വഴിവിട്ട് സഹായിച്ചെന്നാണ് പരാതി.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ബഹുനില മന്ദിരം നിർമിക്കാൻ അധികൃതർ പദ്ധതി തയാറാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാങ്കിൽനിന്ന് വായ്പ എടുക്കുകയും ചെയ്തു. എന്നാൽ, ഈ തുക ഉപയോഗിച്ച് കെട്ടിടം പണിതില്ല. മറിച്ച് പഴയ കെട്ടിടത്തിന്‍റെ നമ്പർ പഞ്ചായത്ത് രേഖകളിൽ നിന്ന് മായ്ച്ചുകളഞ്ഞ ശേഷം പഴയ കെട്ടിടത്തിന് പുതിയ നമ്പർ നൽകുകയായിരുന്നെന്നാണ് ഇ.ഡിക്ക് ലഭിച്ച പരാതി. വായ്പ തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചു എന്ന് വരുത്തിത്തീർക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഈ രേഖ ബാങ്കിന് നല്കുകയും ചെയ്തിരുന്നു.ഇതുസംബന്ധിച്ച് ഇ.ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം അയ്മനം പഞ്ചായത്തിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു.
ഇതേതുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സോണി മാത്യുവിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.കോഴിക്കോട്ടും തിരുവനന്തപുരത്തും കൈക്കൂലി വാങ്ങി കെട്ടിട നമ്പർ തിരുത്തി നൽകിയെന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നുവരുമ്പോഴാണ് അയ്മനം പഞ്ചായത്തിൽ സമാന തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.