മേലുകാവ്: നിയുക്ത എം.എല്‍.എ വാക്കുപാലിച്ചപ്പോള്‍ വാഹനം വാങ്ങിയ കടബാധ്യത ഒഴിവായ ആഹ്ലാദത്തിലാണ് മേലുകാവ് മറ്റം സെന്റ് തോമസ് യു.പി സ്‌കൂള്‍ അധികൃതര്‍. മാണി സി. കാപ്പന്‍ നാലര ലക്ഷം രൂപ സംഭാവന നല്‍കിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ ബാധ്യത ഒഴിവായത്.
പാലാ കോര്‍പ്പറേറ്റിന്റെ കീഴിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ യാത്രാ ക്ലേശം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂളിന് വാഹനം അനുവദിക്കണമെന്ന ആവശ്യവുമായി അധികൃതര്‍ മാണി സി. കാപ്പനെ സമീപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ ഫണ്ടില്‍നിന്നും സ്‌കൂളുകള്‍ക്ക് വാഹനം അനുവദിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സ്വന്തം നിലയില്‍ വാഹനം വാങ്ങുകയായിരുന്നു. എന്നാല്‍ നാലര ലക്ഷം രൂപ വാഹനം വാങ്ങിയ വകയില്‍ ബാധ്യത ഉണ്ടായി.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊട്ടിക്കലാശമുള്‍പ്പെടെ പരിപാടികള്‍ മാറ്റി വെച്ചിരുന്നു. ഇതിനായി ചിലവാക്കേണ്ട തുക സമൂഹ നന്മയ്ക്ക് ഉതകുന്ന പദ്ധതികള്‍ക്കായി മാറ്റി വയ്ക്കുമെന്ന് മാണി സി. കാപ്പന്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ മാറ്റിവച്ച തുക ഉള്‍പ്പെടെ നാലര ലക്ഷം രൂപ സ്‌കൂളിനു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പാലായിലെ യു.ഡി.എഫ് നേതൃത്വവും തീരുമാനത്തിന് പിന്തുണ നല്‍കി.
ഡ്രൈവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ക്വാറന്റീന്‍ പൂര്‍ത്തീകരിച്ച മാണി സി. കാപ്പന്‍ ഇന്നലെ മേലുകാവ് എസ്.എച്ച് കോണ്‍വെന്റിലെത്തി നാലര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ പൊട്ടനാനി, മദര്‍ സിസ്റ്റര്‍ റാണിറ്റ പാറപ്ലാക്കല്‍ എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി.
ജോയി സ്‌കറിയ, ആര്‍. സജീവ്, അജി ജെയിംസ്, ജെയിംസ് മാത്യു, ജോസ് സെബാസ്റ്റ്യന്‍, സിബി ജോസഫ്, ബിന്‍സി ടോമി, ബിജു വട്ടക്കല്ലുങ്കല്‍, ബിബി ഐസക്ക്, ജീ തയ്യില്‍, ലാസര്‍ മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.