കോട്ടയം: ഗ്രാമീണ സൗന്ദര്യത്തെ വിനോദസഞ്ചാര മേഖലയിലെ അനന്തസാധ്യതകളിൽ ഒന്നാക്കി മാറ്റി ലോക വിനോദ സഞ്ചാര പട്ടികയിൽ ഇടം നേടിയ മറവൻതുരുത്ത് ഗ്രാമത്തിന്റെ നെറുകയിൽ മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണ് ‘സുസ്ഥിര നാട്ടുചന്ത’. ആദ്യവാട്ടർ സ്ട്രീറ്റ് എന്ന വിശേഷണത്തോടൊപ്പം കേരളത്തിലെ ആദ്യ സുസ്ഥിര സ്ട്രീറ്റ് മാർക്കറ്റ് എന്ന ബഹുമതിയും ഇനി മറവൻതുരുത്തിന് സ്വന്തം.
ഉത്തരവാദിത്ത ടൂറിസം മിഷനും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തും കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘പാട്ടുകൂട്ടവും നാട്ടുചന്തയും’ എന്ന പരിപാടിയോടനുബന്ധിച്ചാണ് കേരളത്തിലെ ആദ്യ സുസ്ഥിര നാട്ടുചന്തക്ക് മറവൻതുരുത്തിൽ തുടക്കമിട്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ ആർ. രൂപേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ് പ്രസിഡന്റ് ടി.കെ. സുഗുണൻ അധ്യക്ഷതവഹിച്ചു. കുലശേഖരമംഗലം ഇത്തിപ്പുഴ പാലത്തിന് സമീപത്താണ് നാട്ടുചന്ത. തദ്ദേശീയർക്കും വിദേശികൾക്കും കരമാർഗവും ജലമാർഗവും എത്തി ഉൽപന്നങ്ങൾ വാങ്ങാനും വിൽക്കാനും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരമാണ് ചന്തയിലൂടെ ഒരുങ്ങുന്നത്.
തദ്ദേശീയ കാർഷിക ഉൽപന്നങ്ങളും കരകൗശല ഉൽപന്നങ്ങളും ഭക്ഷ്യോൽപന്നങ്ങളുമാണ് പ്രധാനമായും ഇവിടെ വിൽപനക്കെത്തുന്നത്. കാച്ചിൽ, ചേന, ചേമ്പ്, കപ്പ, വാഴക്കുല, വാഴപ്പിണ്ടി, പൈനാപ്പിൾ, മത്സ്യങ്ങൾ, അച്ചാറുകൾ, തേങ്ങയിലും ചിരട്ടയിലും തടിയിലും മറ്റും തീർത്ത കരകൗശല വസ്തുക്കൾ, ഭക്ഷ്യോൽപന്നങ്ങൾ ഇവിടെ വിൽപനക്കെത്തും. എല്ലാ മാസവും മൂന്നാം ശനിയാഴ്ചയാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, സ്ഥിരം സമിതി അധ്യക്ഷ സുഷമ സന്തോഷ്, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉത്തരവാദിത്ത ടൂറിസം ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.