ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കും അപകടരഹിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഭൂഗർഭ പാതയുടെ നിർമാണം ആരംഭിച്ചു. ഇതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആർപ്പൂക്കര അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളജിന് മുൻ ഭാഗത്തുകൂടിയുള്ള ഗതാഗതത്തിനാണ് നിയന്ത്രണം.
ആംബുലൻസ്, ബസ്, മറ്റ് യാത്ര വാഹനങ്ങൾ മെഡിക്കൽ കോളജിന് സമീപത്തെ ബസ് സ്റ്റാൻഡിനകത്ത് കയറിയും ചെറുവാഹനങ്ങളും ഭാരവാഹനങ്ങളും കുടമാളൂർ-മാന്നാനം റോഡ് വഴിയേ ആണ് പോകേണ്ടത്. നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബസ് സ്റ്റാൻഡിന്റെ അരികിൽ നിന്നിരുന്ന 40 വർഷം പഴക്കമുള്ള വൃക്ഷം വെട്ടിക്കളഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിച്ചു.
കഴിഞ്ഞ ഒമ്പതിന് മന്ത്രി വി.എൻ. വാസവനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്. ആറു മാസം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, മൂന്നു മാസം കൊണ്ട് പൂർത്തിയാക്കാമെന്നാണ് കരാറുകാരായ പാലത്ര കൺസ്ട്രക്ഷൻസ് പ്രതിനിധികൾ പറയുന്നത്. 1.30 കോടി രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിൽ ഭൂഗർഭപാത നിർമിക്കുന്നത്. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശനക വാടത്തിനരികെയുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നാണ് പാത തുടങ്ങുക.
അവിടെ നിന്നു മെഡിക്കൽ കോളജ് ബൈപ്പാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിന് സമീപം അവസാനിക്കും. 18.576 മീറ്ററാണ് നീളം. അഞ്ചുമീറ്റർ വീതി. ഉയരം 3.5 മീറ്ററും. പാതയിൽ ആധുനിക രീതിയിലുള്ള വെളിച്ചസംവിധാനങ്ങൾ ഒരുക്കും. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പാതക്കുള്ളിൽ സജ്ജീകരിക്കും.
ഗാന്ധിനഗർ: ഭൂഗർഭപാത നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് റോഡ്സ് വിഭാഗവും ആർപ്പൂക്കര പഞ്ചായത്ത് അധികൃതരുമായി തർക്കം. പഞ്ചായത്തിന്റെ സ്ഥലത്തു കൂടിയാണ് പാത കടന്നുപോകുന്നത്. കൂടുതൽ സ്ഥലം നഷ്ടപ്പെടാതിരിക്കാൻ ഇത് സംബന്ധിച്ച് റൂട്ട് മാപ്പ് അവർ നൽകിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് പഞ്ചായത്ത് നൽകിയ റൂട്ട് മാപ്പ് മാറ്റി മറ്റൊരു മാപ്പ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി.
ഇതറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്തെത്തുകയും പഞ്ചായത്ത് അനുവദിച്ച സ്ഥലത്തിലൂടെ മാത്രമേ പാത നിർമിക്കാവൂ എന്നും ധാരണയിലെത്തി. ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തിൽ നിർമാണ പ്രവർത്തനം ആരംഭിക്കാമെന്ന് പറഞ്ഞതനുസരിച്ച് പഞ്ചായത്ത് പ്രതിനിധികൾ വന്നപ്പോഴേക്കും പണി തുടങ്ങിയതും ജനപ്രതിനിധികളെ ക്ഷുഭിതരാക്കി. റോഡിന് കുറുകെ നിസ്സാര ചെലവിൽ മേൽപ്പാലം നിർമിക്കുന്നതിനു പകരം കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിക്കുന്ന അടിപ്പാത പൊതുജനങ്ങൾക്ക് പ്രയോജനപ്പെടില്ലെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.