കോട്ടയം: കോട്ടയം ടെക്സ്റ്റൈൽസിലെ സ്ത്രീ തൊഴിലാളികൾക്കെതിരെയുള്ള മാനേജ്മെന്റിന്റെ ഭീഷണിയും മാനസികപീഡനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഫെബ്രുവരി രണ്ടിന് കമ്പനി പടിക്കലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും മറ്റ് യൂനിയനുകളുടെ നേതാക്കൾക്ക് ജോലിസൗകര്യം ഉറപ്പാക്കാൻ സ്ത്രീ തൊഴിലാളികളെ ദ്രോഹിക്കുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. രാത്രി 10ന് ശേഷം സ്ത്രീ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് നിയമം. 2015ൽ മറ്റൊരു കമ്പനിയിലെ സ്ത്രീ തൊഴിലാളികൾ നൽകിയ കേസിൽ ഹൈകോടതി ഉത്തരവ് കൂടി വന്നതോടെ ഫാക്ടറി ഇൻസ്പെക്ടറുടെ നിർദേശപ്രകാരം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ 10 മണിക്ക് ഇറക്കിവിടാൻ തുടങ്ങി.
12 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങേണ്ട തൊഴിലാളികളെ 10 മണിക്ക് ബലമായി ഇറക്കി വിടുന്നത് മില്ലിന്റെ ഉൽപാദനത്തിൽ കുറവ് വരികയും സ്ത്രീ തൊഴിലാളികളുടെ വേതനത്തിലും ആനുകൂല്യങ്ങളിലും കുറവ് വരികയും ചെയ്തു. മറ്റ് കമ്പനികൾ സാധാരണ എട്ട് മണിക്ക് തുടങ്ങുന്ന ഷിഫ്റ്റ് ആറ് മണിക്ക് തുടങ്ങിയാണ് കോടതിവിധിയെ മറികടന്നത്. എന്നാൽ, കോട്ടയം ടെക്സ്റ്റൈൽസിൽ അപ്രകാരം ഷിഫ്റ്റ് ക്രമീകരിച്ചതിനെതിരെ സി.ഐ.ടി.യു യൂനിയൻ കോടതിയെ സമീപിക്കുകയായിരുന്നു.
രാവിലെ ആറിന് യൂനിയൻ നേതാക്കളായ ചില പുരുഷ തൊഴിലാളികൾക്ക് ജോലിക്കെത്താൻ സാധിക്കില്ലെന്നതായിരുന്നു കാരണം. രാത്രി 10ന് സ്ത്രീകളെ ബലമായി കമ്പനിയിൽനിന്ന് ഇറക്കിവിട്ടിരുന്ന മാനേജ്മെന്റ് രാത്രി ഏറെ വൈകി ജോലിചെയ്യാൻ സ്ത്രീകൾ സമ്മതപത്രം നൽകണമെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇതിനെ എതിർത്ത 17 പേരെ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറ്റി.
ഇത് ചോദ്യം ചെയ്ത രണ്ടുപേരെ സസ്പെൻഡ് ചെയ്തു. കോടതിവിധിയിലൂടെ സ്ഥലം മാറ്റിയവർ കമ്പനിയിലേക്ക് തിരികെയെത്തിയെങ്കിലും ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കാതെ സ്ത്രീ തൊഴിലാളികളെ കമ്പനിയുടെ മൂലക്കിരുത്തുകയാണ് അധികൃതർ ചെയ്യുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
വാർത്ത സമ്മേളനത്തിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാർ, കോട്ടയം ടെക്സ്റ്റൈൽസ് എംപ്ലോയീസ് യൂനിയൻ പ്രസിഡന്റ് അഡ്വ. വി. മോഹൻദാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.