കോട്ടയം: കായൽപരപ്പിൽ സോളാർ വെളിച്ചംവീശി പള്ളം പഴുക്കാനിലയിലെ മൺറോ ലൈറ്റ് ഇനി മിന്നിത്തിളങ്ങും. കാലങ്ങളായി വിസ്മൃതിയിലാണ്ടുകിടന്ന പള്ളം പഴുക്കാനിലയിലെ മൺറോ ലൈറ്റിെൻറ നവീകരണം പൂർത്തിയായി. തുരുമ്പുപിടിച്ച സ്തൂപം അറ്റകുറ്റപ്പണി നടത്തി പെയിൻറടിച്ച് മനോഹരമാക്കി സോളാർലൈറ്റും സ്ഥാപിച്ചു. കാടുമൂടിയ പരിസരം വൃത്തിയാക്കുന്ന ജോലികൾ മാത്രമാണ് ഇനി ബാക്കി. ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐ.ഡബ്ല്യു.എ.ഐ) നേതൃത്വത്തിലായിരുന്നു നവീകരണം.
രാജ്യത്തെ 72 വിളക്കുമരങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായാണ് ഐ.ഡബ്ല്യു.എ.ഐ പള്ളത്തെ മൺറോ ലൈറ്റും ഏറ്റെടുത്തത്. കോട്ടയം-ആലപ്പുഴ ജലപാതയിൽ കാലങ്ങളോളം ചരക്കുവള്ളങ്ങൾക്ക് വഴികാട്ടിയായിരുന്നു മൺറോ ലൈറ്റ്.
1810-1819 കാലഘട്ടത്തിൽ തിരുവിതാംകൂറിെൻറയും കൊച്ചിയുടെയും ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെ സ്മരണക്കായി ദിവാൻ ടി. മാധവറാവുവിെൻറ കാലത്താണ് രണ്ട് വിളക്കുമരങ്ങൾ സ്ഥാപിച്ചത്. ഒന്ന് ആലപ്പുഴ പുന്നമടക്കായലിലും മറ്റൊന്ന് കോട്ടയത്തെ പള്ളത്തും. നേർരേഖയിൽ സ്ഥാപിച്ച രണ്ടു വിളക്കുമരങ്ങൾ എന്നതായിരുന്നു പ്രത്യേകത. പഴുക്കാനിലയിലെ മൺറോ ലൈറ്റിന് 35 അടിയിലേറെ ഉയരമുണ്ടായിരുന്നെങ്കിൽ പുന്നമടക്കായലിലേതിന് ഉയരം കുറവാണ്.
ആദ്യകാലത്ത് മണ്ണെണ്ണ ഒഴിച്ചാണ് വിളക്ക് തെളിച്ചിരുന്നത്. വിളക്കിനു മുന്നിലെ ലെൻസിെൻറ സഹായത്തോടെ കിലോമീറ്ററുകൾ ദൂരെ ദീപം തെളിഞ്ഞുകാണാനാവുമായിരുന്നു. കൊല്ലം, കായംകുളം, ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ, വൈക്കം, കൊച്ചി, തകഴി, എടത്വ, ചമ്പക്കുളം, നെടുമുടി, കാവാലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള ബോട്ട് സർവിസുകൾ രാത്രി ദിശതെറ്റാതെ കോട്ടയത്തെത്തിയിരുന്നത് ഈ വിളക്കുമരത്തെ ആശ്രയിച്ചാണ്. 1882നോടടുത്ത് ദിവാൻ പേഷ്കാർ ടി. രാമറാവു കോട്ടയം-ആലപ്പുഴ ജലപാതയായി കോടിമത മുതൽ വെട്ടിക്കാട് വരെ പുത്തൻതോടും തിരുവാറ്റയിൽനിന്ന് വൈക്കം തോടും വെട്ടിത്തുറന്നതോടെ ഇതുവഴി ബോട്ട് ഗതാഗതം കുറഞ്ഞു. മൂന്നര പതിറ്റാണ്ടായി തെക്കൻ ദേശത്തേക്കുള്ള ജലഗതാഗതം പൂർണമായി നിലച്ചതും ആലപ്പുഴ തുറമുഖത്തിെൻറ തകർച്ചയോടെ ചരക്കുഗതാഗതം ഇല്ലാതായതും വിളക്കുമരത്തിെൻറ പ്രസക്തി ഇല്ലാതാക്കി.
കോട്ടയം നാട്ടുകൂട്ടം സെക്രട്ടറിയും ചരിത്രകാരനുമായ രാജീവ് പള്ളിക്കോണത്തിെൻറ ഇടപെടലും സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രതികരണങ്ങളുമാണ് മറവിയിലാണ്ടുകിടന്ന മൺറോ ലൈറ്റിെന ജനശ്രദ്ധയിലെത്തിച്ചത്.
വിനോദസഞ്ചാരത്തിെൻറ ഭാഗമായി ലൈറ്റിനുചുറ്റും പാർക്കും മൺറോയുടെ ചരിത്രവും നേട്ടങ്ങളും ഉൾപ്പെടുത്തി നഗരസഭയുടെ കീഴിൽ മ്യൂസിയവും ഒരുക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.