കോട്ടയം: കൈയിലെ കഠാരയുടെ മൂർച്ച നോക്കുന്ന ബഷീറിന്റ ഫോട്ടോ കണ്ടപ്പോൾ ഖദീജയുടെയും പാത്തുക്കുട്ടിയുടെയും സെയ്തുമുഹമ്മദിന്റെയും ഉള്ളിൽ ചിരിപൊട്ടി. ‘മൂത്താപ്പക്ക് വയ്യാണ്ടാവുമ്പോ ഈ കത്തിയെടുക്കും. എല്ലാരോടും ഭീഷണിയാണ് പിന്നെ’. കാൽ പ്രത്യേക തരത്തിൽ മടക്കി ഇരിക്കുന്ന ബഷീറിനെ കണ്ടപ്പോൾ ‘ഇങ്ങനെയാ മിക്കവാറും നിലത്തിരിക്കുക മൂത്താപ്പ’- പാത്തുക്കുട്ടിയിൽ ബഷീറോർമകളുടെ തിരയിളക്കം. ഡി.സി കിഴക്കേമുറി ഇടത്തിലെ ആർട്ട് ഗാലറിയിൽ ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള ‘ജീവിത നിഴൽപാടുകൾ’ എന്ന ഫോട്ടോ പ്രദർശനം - അനിമേഷൻ - ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബഷീർ കഥാപാത്രങ്ങളായ മൂവരും. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയുടെ മകളാണ് ഖദീജ. പാത്തുക്കുട്ടി ബഷീറിന്റെ സഹോദരൻ അബ്ദുൽ ഖാദറിന്റെ മകളും സെയ്തുമുഹമ്മദ് ബഷീറിന്റെ സഹോദരി കുഞ്ഞാനുമ്മയുടെ മകനുമാണ്. ‘മൂത്താപ്പ ഉള്ള സമയത്ത് വീട്ടിൽ ആഘോഷമായിരുന്നു. വലിയ കുടുംബമായിരുന്നു.
ബന്ധുക്കളെല്ലാം ഒരുമിച്ചായിരുന്നു. ഇന്നത്തെ ഹൈടെക് യുഗത്തിലെ കുട്ടികൾക്ക് കിട്ടാത്ത സൗഭാഗ്യമായിരുന്നു ഞങ്ങൾക്ക് കിട്ടിയത്. ഞങ്ങളുടെ മക്കൾക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. പലരും പല ഇടങ്ങളിലായി’. പാത്തുക്കുട്ടിയും ഖദീജയും ഒരുപോലെ പറഞ്ഞു. ബഷീറിനെപ്പോലെ എല്ലാവരും ഭൂമിയുടെ അവകാശികളാണെന്നു കരുതുന്നയാളാണ് പാത്തുക്കുട്ടിയും. ചെങ്ങളത്തെ വീട്ടിൽ പത്തോളം പൂച്ചകളും നിറയെ പൂച്ചെടികളുമുണ്ട്. അവയോടു വർത്തമാനം പറഞ്ഞിരിക്കലാണ് ഇപ്പോ നേരംപോക്ക്. പുനലൂർ രാജൻ ഡി.സിക്കു വേണ്ടിയെടുത്ത ഫോട്ടോകളും ആർട്ടിസ്റ്റുമാരായ എം.വി. ദേവൻ, നമ്പൂതിരി, കെ. ഷെറീഫ് തുടങ്ങിയവരുടെ ബഷീർ കഥാപാത്രങ്ങളുടെ വരകളുമടക്കം 64 ചിത്രങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ഡി.സി ബുക്സും കേരള ലളിതകല അക്കാദമിയും തലയോലപ്പറമ്പ് ബഷീർ അമ്മ മലയാളവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല തയാറാക്കിയ അനൽ ഹഖ് ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.
രവി ഡി.സി, കാസർകോട് ഡെപ്യൂട്ടി കലക്ടറും പാത്തുക്കുട്ടിയുടെ മകനുമായ കെ.എ. മുഹമ്മദ് ഷാഫി, ഡോ. പോൾ മണലിൽ, തലയോലപ്പറമ്പ് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല, മോഹൻ ഡി. ബാബു, ഡോ. എസ്. പ്രീതൻ, സി.ജി. ഗിരിജൻ ആചാരി, മോഹൻദാസ് ഗാലക്സി, അനൽ ഹഖ് ഡോക്യുമെന്ററി സംവിധായകൻ രാജീവ് മോഹൻ, എഡിറ്റർ സചിൻ ദേവ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് ഷിജോ വിത്സൻ എന്നിവർ സംബന്ധിച്ചു. 26ന് ആനപ്പൂട, പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് എന്നിവയുടെ അനിമേഷൻ പ്രദർശനവും 27ന് മതിലുകൾ, 28ന് നീലവെളിച്ചം സിനിമകളുടെ പ്രദർശനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.