പൊൻകുന്നം: ജില്ല സ്കൂൾ കലോത്സവത്തിന് തിരിതെളിയുമ്പോൾ കലോത്സവ ഓർമയിലൂടെ ജില്ലയിൽനിന്നുള്ള ആദ്യ കലാപ്രതിഭ കെ.ബി. അജിത്കുമാർ. ഇപ്പോൾ അധ്യാപകനായ ചെറുവള്ളി ചിത്രാലയത്തിൽ അജിത് കുമാർ 1986-87, 1987-88 വർഷങ്ങളിലെ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലാണ് കലാപ്രതിഭയായത്.
അന്ന് ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന അജിത് കുമാർ കഥാപ്രസംഗം, മലയാളം പദ്യംചൊല്ലൽ, മലയാളം പ്രസംഗം, മൃദംഗം, മോണോ ആക്ട്, കഥകളിസംഗീതം തുടങ്ങിയ ഇനങ്ങളിലായി 32 പോയന്റ് നേടിയാണ് ആദ്യവട്ടം കലാപ്രതിഭയായത്. അതിന് മുമ്പുള്ള വർഷങ്ങളിൽ യു.പി വിഭാഗത്തിൽനിന്ന് മത്സരിച്ച് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിരുന്നു.
കുട്ടികൾക്ക് കലാവിദ്യാഭ്യാസം നൽകി വരുന്ന അജിത്കുമാറിന് സ്കൂൾ കലോത്സവങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപാടാണുള്ളത്.ഇന്നത്തെ കലാമത്സരങ്ങൾ പലപ്പോഴും ആരോഗ്യകരമല്ലെന്നും സിനിമകളിലേക്കും മറ്റുമുള്ള വാതായനങ്ങളായി മത്സരങ്ങളെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്സരവിജയികൾ പിൽക്കാലത്ത് കലാജീവിതത്തെ പൂർണമായും ഉപേക്ഷിച്ചു കാണുന്നു. കലാരംഗത്ത് തുടരുന്നവർ വിരളമാണ്. പുതിയ തലമുറയുടെ അർപ്പണബോധം കുറവായതിനാൽ കലാമൂല്യം കുറഞ്ഞു. എങ്കിലും ഭാവിയെപ്പറ്റി പ്രതീക്ഷ നൽകുന്ന ഒട്ടേറെ താരങ്ങൾ അവിടവിടെയായി ഉണ്ടെന്നും അജിത് കുമാർ പറഞ്ഞു. എസ്.സി.ടി.എം യു.പി സ്കൂൾ അധ്യാപകനായ അജിത് കുമാർ ഓൾ ഇന്ത്യ റേഡിയോയിലെ കഥാപ്രസംഗ കലാകാരൻ കൂടിയാണ്. സംസ്ഥാന അധ്യാപക കലാ വേദി അവാർഡ്, ഗുരുശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ജില്ല-സംസ്ഥാന കലോത്സവങ്ങളിൽ വിധികർത്താവായും ജൂറി ഓഫ് അപ്പീലായും പ്രവർത്തിച്ചുവരുന്ന അജിത് കുമാർ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്. ഭാര്യ:ആശ. മകൾ: അനഘ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.