കോട്ടയം: ദേശീയപാത കുരുക്കിട്ടതോടെ മുടങ്ങിയ കുടിവെള്ളത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് നാട്ടകം നിവാസികൾ. പരിഹാരം അകലുന്നതിനാൽ വീണ്ടും നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. പലതരം പ്രതിഷേധവും സമ്മർദവും പരാതികളും ഫലം കാണാതെ സാഹചര്യത്തിലാണ് കോടികള്‍ ചെലവഴിച്ച പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കര്‍മ സമിതി പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
കോട്ടയം നഗരസഭയുടെ 30 മുതല്‍ 44 വരെയുള്ള വാര്‍ഡുകളിലെ കുടിവെള്ള വിതരണമാണ് താളം തെറ്റിയത്. 43, 44 വാര്‍ഡുകളിലെ കുടിവെള്ള വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. മറ്റു വാര്‍ഡുകളിലേത് ഭാഗികമായി തടസ്സപ്പെട്ട നിലയിലുമാണ്. കിഫ്ബി മുഖേന ആരംഭിച്ച കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തതാണ് ഇവർക്ക് തിരിച്ചടിയാകുന്നത്. ദേശീയ പാത 183ല്‍ കലക്ടറേറ്റ് മുതല്‍ കഞ്ഞിക്കുഴിവരെയും മണിപ്പുഴ മുതല്‍ മറിയപ്പള്ളിവരെയും മറിയപ്പള്ളി മുതല്‍ കോടിമത വരെയും പൈപ്പ് സ്ഥാപിക്കാന്‍ വൈകുന്നതാണ് പദ്ധതി മുടങ്ങാന്‍ കാരണം. പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ദേശീയ പാത അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. 2022 മുതല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തടസ്സപ്പെട്ട് കിടക്കുകയാണ്.
മാര്‍ച്ചില്‍ മന്ത്രി റോഷി അഗസ്റ്റിന് ഈ വിഷയത്തില്‍ ഇടപെടുകയും അടിയന്തര യോഗം വിളിക്കുകയും ചെയ്തിരുന്നു. ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകാനും യോഗത്തില്‍ തീരുമാനമായി. റോഡ് കുഴിച്ചു നശിപ്പിക്കാതെ ഡക്ട് സ്ഥാപിച്ച് പൈപ്പ് സ്ഥാപിക്കാനും നശിക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണം ജലഅതോറിറ്റി ചെയ്തുകൊള്ളാമെന്നും കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഈ കത്ത് ഇതുവരെ നല്‍കിയിട്ടില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല നിയമസഹായ സമിതിയുടെ സിറ്റിങ്ങില്‍ വിഷയം വന്നുവെങ്കിലും ദേശീയപാത അധികാരികളും പൊതുമരാമത്ത് അധികൃതരും എത്തിയില്ല. ഇതേതുടര്‍ന്ന് ദേശീയപാത അധികൃതര്‍ക്കും പൊതുമരാമത്ത് അധികൃതര്‍ക്കും വീണ്ടും നോട്ടീസ് അയക്കാനും ജൂലൈ 15ന് വീണ്ടും ഹിയറിങ് നടത്താനും ഉത്തരവിട്ടു. ഇതിനൊപ്പം പ്രതിഷേധം കടുപ്പിക്കാനാണ് കര്‍മ സമിതി തീരുമാനം. ഇതിനു മുന്നോടിയായി അടുത്തദിവസം മന്ത്രി വി.എന്‍. വാസവന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, ബി.ജെ.പി ജില്ല പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി രണ്ടാം ജനകീയ സദസ്സ് സംഘടിപ്പിക്കും. ഇതിൽ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകാനാണ് തീരുമാനം. നിയമപോരാട്ടങ്ങൾ ആരംഭിക്കാനും സമിതി ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.