അതിരമ്പുഴ: അതിരമ്പുഴ ടൗണിലെ അപകടാവസ്ഥയിലുള്ള മൂന്നുനില കെട്ടിടം പൊളിച്ചുനീക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ അപകടാവസ്ഥയും ദുരന്തസാധ്യതയും ജില്ല ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അടിയന്തര ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് പഞ്ചായത്ത് അംഗങ്ങളായ ജോഷി ഇലഞ്ഞിയിൽ, ജോസ് അഞ്ജലി, സിനി ജോർജ് എന്നിവർ ആരോപിച്ചു.
ഫെബ്രുവരി 24ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ അസാധാരണ യോഗം വിഷയം ചർച്ച ചെയ്തിരുന്നു. അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ, ജില്ല കലക്ടർ, പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. എന്നാൽ, ഇതിൽ യാതൊരു നടപടിക്കും പ്രസിഡന്റോ പഞ്ചായത്ത് അധികൃതരോ തയ്യാറായില്ല.
മൂന്നു മാസം വൈകി കഴിഞ്ഞ തിങ്കളാഴ്ച മാത്രമാണ് കലക്ടർക്കുള്ള കത്ത് തയാറാക്കിയതുപോലും.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായ ഒമ്പതാം വാർഡിലാണ് അപകടാവസ്ഥയിലായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. എന്നിട്ടും അടിയന്തര നടപടിക്ക് പ്രസിഡന്റ് തയാറാകാത്തത് ദുരൂഹമാണ്.
കെട്ടിടത്തിന്റെ തൊട്ടു ചുവട്ടിലാണ് ബസ് സ്റ്റോപ്പ്. ഇവിടെ എത്തുന്ന ആളുകൾ അപകട ഭീതിയിലാണ്. തൊട്ടടുത്തു തന്നെ ഓട്ടോസ്റ്റാൻഡ് ഉണ്ട്. അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു ബേക്കറി പ്രവർത്തിക്കുന്നുണ്ട്. .
അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.