കോട്ടയം: ലോകം മാറുന്നതിന് അനുസൃതമായി വികസനപ്രവർത്തനങ്ങളിൽ നവീനമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. റോഡ് പരിപാലനരംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ റണ്ണിങ് കോൺട്രാക്ട് സംവിധാനം ഇതിന് ഉദാഹരണമാണ്.
കേരളത്തിലെ 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളിൽ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡ് പരിപാലനത്തിനായി യൂറോപ്യൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് റോഡ് പരിപാലന യന്ത്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഇൻഫ്രാറെഡ് ഹോട്ട് ടു ഹോട്ട് എന്ന യൂറോപ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് റോഡ് പരിപാലനത്തിനായി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കോട്ടയം എം.സി റോഡിലാണ് ആദ്യമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പാലായിലെ രാജി മാത്യു ആൻഡ് കമ്പനിയാണ് റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, നഗരസഭ അംഗം ഇ.എസ്. ബിജു,ചങ്ങനാശ്ശേരി അർബൻ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് എ.വി. റസൽ എന്നിവർ സംസാരിച്ചു.
ഇൻഫ്രാറെഡ് റോഡ് പരിപാലന യന്ത്രം ചെറിയ നാല് മെഷീനുകൾ അടങ്ങുന്ന യൂനിറ്റാണ്. വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസര ഭാഗവും 140 ഡിഗ്രി താപനിലയിൽ ചൂടാക്കും. തുടർന്ന് ബിറ്റ്മിൻ എമൽഷൻ കുഴികളിൽ സ്പ്രേ ചെയ്യും. കുഴിയിൽ നിക്ഷേപിക്കാനുള്ള മിക്സ് 140 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്സ് ചേംബർ യന്ത്രത്തിനൊപ്പമുണ്ട്.
ഇതിൽ നിന്നുമുള്ള മെറ്റീരിയൽ അറ്റകുറ്റപ്പണി ചെയ്യേണ്ട കുഴിയിൽ നിക്ഷേപിച്ച ശേഷം കോംപാക്ടർ ഉപയോഗിച്ച് കൃത്യമായി ഉറപ്പിക്കുന്നതോടെ പ്രവൃത്തി പൂർത്തിയാകും. അറ്റകുറ്റപ്പണി നടത്തിയ ഭാഗം റോഡിൽ തിരിച്ചറിയില്ല. സാധാരണ ചെറിയ ഒരു കുഴി അടക്കുന്നതിനായി എട്ട് മിനിറ്റാണ് വേണ്ടിവരുക. യൂനിറ്റ് ഒരു പിക് അപ് വാഹനത്തിൽ കൊണ്ടുപോകാം. മഴയുടെ ഇടവേളകളിലും അറ്റകുറ്റപ്പണി നടത്താൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.