കോട്ടയം: നിലാവ് പദ്ധതിയിൽ നഗരസഭയിലെ എല്ലാ വാർഡിലും 200 ബൾബുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടും തോന്നുംപടി നടപ്പാക്കി കെ.എസ്.ഇ.ബി. ചിലയിടങ്ങളിൽ നൂറിൽ താഴെ മാത്രം ബൾബുകൾ സ്ഥാപിച്ചപ്പോൾ മറ്റു ചിലയിടങ്ങളിൽ 200 ലധികം സ്ഥാപിച്ചു. എന്തു മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ബൾബുകൾ സ്ഥാപിച്ചതെന്ന കൗൺസിലർമാരുടെ ചോദ്യത്തിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കു മറുപടിയുമില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് കൗൺസിലിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കിടെയാണ് ഭരണ പ്രതിപക്ഷ ഭേദമന്യേ രൂക്ഷവിമർശനം ഉന്നയിച്ചത്. 52 വാർഡിലും 18, 35 വാട്ടിെൻറ 200 ബൾബ് വീതം ഇടാനായിരുന്നു കെ.എസ്.ഇ.ബിക്കു നിർദേശം നൽകിയിരുന്നത്.
ഇതുവരെ നഗരസഭയുടെ നിർദേശം നടപ്പാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കായില്ല. മാത്രമല്ല അനുമതിയില്ലാതെ 70,110 വാട്ടിെൻറ ബൾബുകൾ സ്ഥാപിച്ചതായും കൗൺസിലർമാർ ആരോപിച്ചു. എല്ലാ വാർഡിലും ബൾബിടേണ്ട പോയന്റ് അടക്കം വിവരങ്ങൾ കൗൺസിലർമാർ നഗരസഭക്ക് നൽകിയിട്ടും നടപടിയില്ല. കേടായവക്കു പകരം ബൾബുകൾ സ്ഥാപിച്ചില്ല. നഗരത്തിൽ കലക്ടറേറ്റിെൻറ ഭാഗത്തും പ്രധാന ജങ്ഷനുകളിലും വരെ വെളിച്ചമില്ലാത്ത അവസ്ഥയാണ്. സ്ഥാപിച്ച അന്നുമുതൽ തെളിയാത്ത ബൾബുകളുണ്ടെന്നും കൗൺസിലർമാർ പരാതിപ്പെട്ടു.
12,500 ബൾബുകളാണ് പദ്ധതി പ്രകാരം നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ 9000 ബൾബ് വന്നിട്ടുണ്ട്. 8900ത്തിലധികം ബൾബുകൾ സ്ഥാപിച്ചു. എന്നാൽ, 4000 ബൾബുകൾ സ്ഥാപിച്ചതിനേ നഗരസഭ പരിശോധിച്ച് അംഗീകാരം നൽകിയിട്ടുള്ളൂവെന്നും ബാക്കികൂടി അംഗീകരിക്കുന്ന മുറക്കേ കൂടുതൽ അനുവദിക്കൂവെന്നും 70, 110 വാട്ടിെൻറ ബൾബുകൾ സ്ഥാപിച്ച കാര്യം പരിശോധിക്കുമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറെ നേരത്തെ ബഹളത്തിനൊടുവിൽ എല്ലാ വാർഡിലും അടിയന്തരമായി 250 വീതം ബൾബിടാനും ഇക്കാര്യങ്ങൾക്കായി അസി. എക്സി. എൻജിനീയറെ ചുമതലപ്പെടുത്തിയതായും ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. 70,110 വാട്ടിെൻറ ബൾബിടുന്നത് കൗൺസിലിെൻറ അനുമതിക്കുശേഷം മതിയെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
നാല് അജണ്ടയുമായി ആറുമണിക്കൂർ നീണ്ട യോഗം
കോട്ടയം: നാല് അജണ്ട ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ 10.30ന് ചേർന്ന കൗൺസിൽ യോഗം അവസാനിച്ചത് വൈകീട്ട് 4.30ന്. നിലാവ് പദ്ധതിയും അഭിഭാഷക പാനലിൽനിന്നുള്ള അഡ്വ. സിബി ചേനപ്പാടിയുടെ രാജിയുമാണ് കൗൺസിലിൽ ആറുമണിക്കൂർ നീണ്ട ചർച്ചക്ക് ഇടയാക്കിയത്.
ആദ്യ അജണ്ടയായിരുന്ന നിലാവ് പദ്ധതിയുടെ ചർച്ച ഉച്ചയോടെയാണ് അവസാനിച്ചത്. തുടർന്ന് രണ്ടാമത്തെ അജണ്ടയായി സിബി ചേനപ്പാടിയുടെ രാജിയും പകരം ആളെ കണ്ടെത്തുന്ന വിഷയവും പരിഗണിച്ചു. രാംകി എനർജി ആൻഡ് എൻവയൺമെന്റ് ലിമിറ്റഡ് കമ്പനിയുമായുള്ള ആർബിട്രേഷൻ കേസിൽ നഗരസഭക്കുവേണ്ടി ആദ്യം മുതലേ ഹാജരായിരുന്നത് സിബി ചേനപ്പാടിയാണ്. വ്യക്തിപരമായ കാരണങ്ങളാൽ താൻ രാജിവെക്കുന്നതായും 30നുശേഷം കേസിൽ ഹാജരാകില്ലെന്നും കാണിച്ച് ഈ മാസം ഒമ്പതിന് സിബി ചേനപ്പാടി നഗരസഭക്ക് കത്ത് നൽകിയിരുന്നു.
28ന് ഹൈകോടതിയിൽ ഈ കേസുള്ളതിനാൽ സിബി ചേനപ്പാടിക്കു പകരം അദ്ദേഹത്തിെൻറ ജൂനിയറായ അജിത് ജോയിയെ നിയമിക്കണമെന്ന് വൈസ്ചെയർമാൻ ബി. ഗോപകുമാർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ഇതിനെ എതിർത്തു. പുതിയ അഭിഭാഷകനെ അടിയന്തരമായി നിയമിക്കേണ്ട കാര്യമില്ല. 30വരെ കാലാവധിയുള്ളതിനാൽ 28ന് സിബി ചേനപ്പാടി തന്നെ കോടതിയിൽ ഹാജരാകട്ടെ എന്നും മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കാമെന്നും ഷീജ പറഞ്ഞു.
ഇതേച്ചൊല്ലി പ്രതിപക്ഷ-ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ ഏറെനേരം തർക്കവും വാക്കേറ്റവും ഉണ്ടായി. എങ്കിൽ വോട്ടിനിട്ടു തീരുമാനിക്കാമെന്ന് വൈസ്ചെയർമാൻ പറഞ്ഞെങ്കിലും വോട്ടെടുപ്പിലേക്കു നീങ്ങിയില്ല. ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ ചേനപ്പാടിയുടെ രാജിക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പ്ലക്കാർഡുമായി എൻ. സരസമ്മാൾ
കോട്ടയം: തെൻറ വാർഡിലെ വൈ.എം.എ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ എൻ. സരസമ്മാൾ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചു. കരാർ കാലാവധി കഴിഞ്ഞിട്ടും റോഡുപണി പൂർത്തിയായിട്ടില്ല. മഴയായതിനാൽ ടാറിങ് നടത്താനാവില്ലെന്നാണ് കരാറുകാരൻ പറയുന്നത്.
ഇക്കാര്യത്തിൽ ഉടൻ നടപടി വേണമെന്നും അല്ലാത്ത പക്ഷം നിരാഹാരം കിടക്കുമെന്നും സരസമ്മാൾ പറഞ്ഞു. മറ്റു കൗൺസിലർമാരും ഇതേ വിഷയം ഉന്നയിച്ചു. കാലാവധിക്കകം പണി പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ആവശ്യമുയർന്നു. 10 ദിവസത്തിനകം റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന് ചെയർപേഴ്സൻ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.