കോട്ടയം: ഓഫ് റോഡ് യാത്രക്ക് താൽപര്യമുള്ളവർക്ക് ജില്ല ജനറൽ ആശുപത്രിയിലേക്കു വരാം. ആശുപത്രിക്കു പിന്നിലെ റോഡ് നിങ്ങളെ കാത്തിരിക്കുകയാണ്. കയറ്റവും ഇറക്കവും കുഴിയും വളവും സാഹസികതയും ആവശ്യത്തിനുണ്ട് ഈ റോഡിൽ. ഇത്രയേറെ തകർന്ന മറ്റൊരു റോഡ് ജില്ലയിൽ വേറെയുണ്ടാകില്ല. ആശുപത്രിക്കകത്തെ ഈ റോഡിലാണ് മോർച്ചറിയും എൻ.എച്ച്.എം ഓഫിസും ടി.ബി സെന്ററും ടി.പി.എം ഓഫിസുമടക്കം പ്രവർത്തിക്കുന്നത്. ഇന്‍സിനറേറ്ററും ലോൺട്രിയും ഈ ഭാഗത്താണ്. ആശുപത്രി ജീവനക്കാർ പേടിച്ചാണ് മോർച്ചറിയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ സ്ട്രച്ചർ കൈവിട്ട് മൃതദേഹം താഴെ പോവും. ഇരുചക്ര വാഹനങ്ങളാണെങ്കിൽ തലയും കുത്തി ടി.പി.എം ഓഫിസിന്റെ മുറ്റത്തെത്തും. രോഗികളുമായി വാഹനത്തിൽ ഈ റോഡിലൂടെ വരാനാവില്ല. കാലങ്ങളായി ഇതാണ് റോഡിന്റെ അവസ്ഥ. വാർത്തകൾ വന്നതോടെ ജില്ല പഞ്ചായത്ത് ആറുമാസം മുമ്പ് എട്ടുലക്ഷം രൂപ റോഡിന് അനുവദിച്ചിരുന്നു. എന്നിട്ടും സമയബന്ധിതമായി റോഡുപണി ആരംഭിക്കാൻ നടപടിയില്ല. എന്താണ് തടസ്സമെന്നു ചോദിച്ചാൽ ആർക്കും മറുപടിയുമില്ല.
കോട്ടയം: തുക അനുവദിച്ച് ടെന്‍ഡർ നടപടി പൂർത്തിയാക്കിയിട്ടും പൊലീസ് എയ്ഡ് പോസ്റ്റിന് കെട്ടിടം പണിയാൻ ആർക്കും താൽപര്യമില്ല. നിലവിൽ കാഷ്വൽറ്റിയുടെ ഒരുഭാഗത്താണ് എയ്ഡ്പോസ്റ്റ് അനുവദിച്ചിട്ടുള്ളത്. ഇവിടെ നിന്നുതിരിയാൻപോലും ഇടമില്ല. നേരത്തേ ഒരാൾ മാത്രമാണ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്നത്.
ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ആശുപത്രികളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ എണ്ണം ആറാക്കി വർധിപ്പിച്ചു. എയ്ഡ് പോസ്റ്റ് കെട്ടിടം പണിയാൻ ഏഴുലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു. കാഷ്വൽറ്റിയുടെ വലതുഭാഗത്ത് 600 ചതുരശ്ര അടി കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇ-ഹെൽത്ത് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഈ സ്ഥലത്ത് എർത്ത്ലൈനുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഈ വയറിങ് സംവിധാനങ്ങൾ മാറ്റിയാലേ കെട്ടിടം പണി ആരംഭിക്കാനാവൂ. മൂന്നുതവണ എൻജിനീയറിങ് വിഭാഗവും കരാറുകാരും സ്ഥലം സന്ദർശിച്ചു. എന്നാൽ, സ്ഥലം ഒഴിഞ്ഞുകിട്ടിയിട്ടില്ല. കെൽട്രോൺ ആണ് ഇ-ഹെൽത്ത് സംവിധാനം ഒരുക്കുന്നത്. അവരോട് ഇത് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനമാണ് പണമുണ്ടായിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നഷ്ടമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.