കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ജില്ലയിൽ ഇനിയെത്താനുള്ളത് ഒന്നരലക്ഷം പാഠപുസ്തകങ്ങൾ. ഒന്ന്, ആറ്, എഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്കായാണ് കാത്തിരിപ്പ്. ഒന്നാം ക്ലാസിലെ മലയാളം മീഡിയം ഗണിതം, കളിപ്പെട്ടി, കേരള പാഠാവലി എന്നിവയാണ് എത്താനുള്ളത്.
ആറ്, എഴ് ക്ലാസുകളിലെ മലയാളം അടക്കമുള്ള പുസ്തകങ്ങളും വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ലഭിച്ചിട്ടില്ല. ആറ്, എഴ് ക്ലാസുകളിലെ പുസ്തകങ്ങൾക്കാണ് കുറവ് അനുഭവപ്പെട്ടിരുന്നതെങ്കിലും ബുധനാഴ്ച ഒരുലോഡ് പുസ്തകങ്ങൾകൂടി എത്തി. ഇതിൽ കൂടുതൽ ആറ്, എഴ് ക്ലാസുകളിലെ പുസ്തകങ്ങളാണെന്നും ഇതിന്റെ വിതരണം പൂർത്തിയാകുന്നതോടെ നല്ലൊരു ശതമാനം വിദ്യാർഥികൾക്കും പുസ്തകം ലഭ്യമാക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ പറയുന്നു.
അതിനിടെ, പുസ്തക വിതരണത്തിന് കൂടുതൽ വേഗം നൽകാൻ ലക്ഷ്യമിട്ട് സ്കൂൾ സൊസൈറ്റികൾക്ക് നേരിട്ട് ഹബിലെത്തി പുസ്തകൾ കൈപ്പറ്റാമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
ഇതോടെ ഹബിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അവധിക്കാലത്തുതന്നെ പുസ്തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ജില്ലക്ക് മൊത്തം 12,15,874 പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് ലഭിച്ചത്. അവശേഷിക്കുന്ന പുസ്തകങ്ങൾ അടുത്തദിവസങ്ങളിലായി എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. പുതുപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ജില്ല ഹബിലേക്കാണ് കാക്കനാട്ടെ കെ.ബി.പി.എസിൽനിന്ന് പുസ്തകങ്ങൾ എത്തുന്നത്. ജില്ല ഹബിലെത്തുന്ന പുസ്തകങ്ങൾ കുടുംബശ്രീ അംഗങ്ങൾ തരംതിരിച്ചശേഷം പാക്ക് ചെയ്യും. തുടർന്ന് വാഹനങ്ങളിൽ ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഈ സൊസൈറ്റിയിൽനിന്ന് സമീപത്തുള്ള സ്കൂളുകളിലേക്ക് പുസ്തകങ്ങൾ കൈമാറും. ഒരോ സ്കൂൾ അധികൃതരും സൊസൈറ്റിയിലെത്തി പുസ്തകങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പമാണ് സ്കൂളുകൾക്ക് നേരിട്ട് ജില്ല ഹബിലെത്തി പുസ്തകങ്ങൾ കൈപ്പറ്റാമെന്ന നിർദേശം.
ഡിപ്പോയിലെത്തുന്ന പുസ്തകങ്ങൾ വേഗത്തിൽ സ്കൂളുകളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നാണ് വകുപ്പ് അധികൃതർ പറയുന്നത്. നിലവിൽ ഹബിൽ ലഭിച്ച പുസ്തകങ്ങളിൽ 90 ശതമാനത്തിലധികവും വിവിധ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തു.
കഴിഞ്ഞവർഷത്തെ കണക്കനുസരിച്ചാണ് സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകുന്നത്. ഇതിൽ കൂടുതൽ ആവശ്യമാണെങ്കിൽ അടുത്തഘട്ടത്തിൽ എത്തിക്കും. എട്ടാം ക്ലാസുവരെയുള്ള പാഠപുസ്തങ്ങൾ പൂർണമായി സൗജന്യമായാണ് വിതരണം. മധ്യവേനലവധിക്കുതന്നെ പുസ്തകങ്ങൾ സ്കൂളിൽ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായി ഇക്കുറി നേരത്തേ പുസ്തക അച്ചടിയും വിതരണവും ആരംഭിച്ചിരുന്നു.
കഴിഞ്ഞവർഷം ക്ലാസുകൾ ആരംഭിച്ചശേഷമാണ് പുസ്തകവിതരണം പൂർത്തിയാകുന്നത്. ഇതിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് അച്ചടിയും വിതരണവും നേരത്തേയാക്കിയത്. ഇത്തവണ ആദ്യദിനം മുതൽ പുതുമണം മാറാത്ത പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കൊപ്പമുണ്ടാകുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.