കോട്ടയം: സാന്നിധ്യമായും ശബ്ദമായും നിറഞ്ഞ കോട്ടയം തിരുനക്കര മൈതാനത്തേക്ക് നിശ്ചലനായി ബുധനാഴ്ച ഉമ്മൻ ചാണ്ടിയെത്തും. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം കോട്ടയത്തേക്ക് എത്തിക്കുക.
വൈകീട്ട് അഞ്ചോടെ തിരുനക്കര മൈതാനത്ത് എത്തിക്കാനാണ് തീരുമാനം. എന്നാൽ, യാത്രയിലുടനീളം നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിക്കാൻ കാത്തുനിൽക്കുമെന്നതിനാൽ സമയം വൈകിയേക്കും.
തിരുനക്കരയിലെ പൊതുദർശനത്തിനുശേഷം രാത്രി കുടുംബവീടായ കരോട്ട് വള്ളക്കാലില്‍ എത്തിക്കും. ഇതിനിടെ പുതിയതായി നിർമിക്കുന്ന വീടിനു സമീപത്തും മൃതദേഹമെത്തിക്കും. തുടർന്ന് വീട്ടിൽ പൊതുദർശനം തുടരും. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഭവനത്തിൽ സംസ്കാരശുശ്രൂഷ നടക്കും. ഒന്നിന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. രണ്ട് മുതൽ 3.30വരെ പള്ളിയുടെ വടക്കേപ്പന്തലിൽ പെതുദർശനത്തിനുവെക്കും. 3.30ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ മുഖ്യകാർമികത്വത്തിൽ സമാപനശുശ്രൂഷയും സംസ്കാരവും നടക്കും. തുടർന്ന് അഞ്ചിന് അനുശോചന സമ്മേളനവും നടക്കും.
ചൊവ്വാഴ്ച ഓര്‍ത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസിന്റെ കാര്‍മികത്വത്തില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തി.
ബുധനാഴ്ച കോട്ടയം നഗരത്തിലും വ്യാഴാഴ്ച പുതുപ്പള്ളിയിലും ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് ഒന്നു മുതലാണ് ഗതാഗത ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.