കോട്ടയം: പൊതുനിരത്തിലെ മത്സരയോട്ടക്കാരെ കുടുക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ 'ഓപറേഷൻ റേസ്' ജില്ലയിലും. ആദ്യദിന പരിശോധനകളിൽ നാലുപേർ കുടുങ്ങി. കഴിഞ്ഞ ദിവസം വിഴിഞ്ഞം ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുയുവാക്കൾ മരിച്ചതിനു പിന്നാലെയാണ് പരിശോധനക്ക് ഗതാഗതമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
അമിത വേഗത്തിനൊപ്പം മോഡിഫിക്കേഷൻ ചെയ്ത് ഇരുചക്രവാഹനങ്ങളും പരിശോധിക്കുന്നുണ്ട്. കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നേതൃത്വത്തിൽ ആറുപേരടങ്ങുന്ന സംഘമാണ് രംഗത്തുള്ളത്. എല്ലാ താലൂക്കിലും പരിശോധന നടക്കുന്നുണ്ട്.റെഡ് ലൈറ്റ് ജംപിങ്, അമിത വേഗം, നമ്പർ പ്ലേറ്റ് ഇല്ലാത്തവ, ഓവർ ടേക്കിങ്, ട്രാഫിക് സിഗന്ലിൽ അപകടമുണ്ടാക്കുന്ന ഓവർടേക്കിങ്, മൊബൈൽ ഫോൺ ഉപയോഗം, റേസിങ്, അപകടകരമായ ഡ്രൈവ്, രൂപമാറ്റം വരുത്തിയവ തുടങ്ങിയ കണ്ടെത്താനാണ് പരിശോധന പുരോഗമിക്കുന്നത്.
ജൂലൈ ഏഴുവരെ പരിശോധന നീളും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും. ഒപ്പം പിഴയും ഈടാക്കും.പരിശോധന സമയത്ത് വാഹനം നിർത്താതെ പോകുക, അപകടകരമായി ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ സിഗ്നൽ നൽകിയിട്ടും നിർത്താതെ പോകുക എന്നിവ ശ്രദ്ധയിൽപെട്ടാലും നടപടിയുണ്ടാകും.
സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ അനധികൃത രൂപമാറ്റം നടത്തിയ വാഹന ഉടമകൾക്ക് ഏഴുദിവസത്തിനകം പൂർവസ്ഥിതിയിലാക്കി പരിശോധനക്ക് ഹാജരാക്കണമെന്ന നോട്ടീസാണ് നൽകുന്നത്. ഇത് പാലിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം. തോമസ് പറഞ്ഞു. 2021 ജൂലൈയിൽ ചങ്ങനാശ്ശേരി ബൈപാസിൽ മത്സരയോട്ടം ദുരന്തം വിതച്ചിരുന്നു.
മൂന്ന് പേരാണ് ഇതിൽ മരിച്ചത്. ഇതിനു പിന്നാലെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തിയിരുന്നു. പിന്നീട് കുറഞ്ഞു. ഇതോടെ വീണ്ടും മത്സരയോട്ടം സജീവമായിരുന്നു. ഈരയിൽക്കടവ് ബൈപാസ്, പാലാത്ര- ളായിക്കാട് ബൈപാസ്, ഏറ്റുമാനൂർ-മണർകാട് ബൈപാസ് എന്നിവിടങ്ങളിലാണ് ബൈക്കുകളുടെ റേസിങ് പതിവായി നടക്കുന്നത്. പുതിയ സാഹചര്യത്തിൽ ഇവിടങ്ങൾ കേന്ദ്രീകരിച്ചും ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.