കോട്ടയം: പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ പട്ടയമിഷൻ രൂപവത്കരിക്കുമെന്നും ഇതിന്റെ ഔപചാരിക ഉദ്ഘാടനം 25ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി കെ. രാജൻ.
മണിമല സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കാനാണ് പട്ടയമിഷന് സർക്കാർ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം തലത്തിൽ എം.എൽ.എമാരുടെ സാന്നിധ്യത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കളുടെ യോഗം വിളിച്ച് ഓരോയിടത്തെയും പ്രത്യേക ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള പരിപാടി മേയ് മുതൽ ആരംഭിക്കും. പ്രശ്നങ്ങൾ എല്ലാം കണ്ടെത്തി രേഖയാക്കി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി പ്രവർത്തിക്കും.
റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കു വേഗം കൂട്ടാൻ ഡിജിറ്റലൈസേഷനാണ് പ്രധാനമാർഗം. നവംബർ ഒന്നോടു കൂടി സംസ്ഥാനത്തെ മുഴുവൻ റവന്യൂ ഓഫിസുകളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, മണിമല പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ, തഹസിൽദാർ ബെന്നി മാത്യു, വൈസ് പ്രസിഡന്റ് അതുല്യദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. എമേഴ്സൺ, ജയശ്രീ ഗോപിദാസ്, പഞ്ചായത്ത് അംഗങ്ങളായ ബിനോയ് വർഗീസ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
തോട്ടക്കാട് റീബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി ടോമി സി. വാടയിൽ സൗജന്യമായി നൽകിയ ഏഴ് സെന്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫിസ് പണിതത്. ടോമി സി. വാടയിലിനെ കലക്ടർ ഡോ. പി.കെ. ജയശ്രീ പൊന്നാടയണിയിച്ചു. ചെത്തിപ്പുഴ വില്ലേജ് ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.